തൊടുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യനയ രൂപീകരണ സമിതി ക്യുഐപി മോണിട്ടറിംഗ് കമ്മിറ്റിയിലേക്ക് തങ്കമണി സെന്റ് തോമസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സാബു കുര്യന് നിയമിതനായി. വിദ്യാഭ്യാസ കലണ്ടര്‍ തയാറാക്കുക, പൊതുപരീക്ഷയുടെ ഷെഡ്യൂള്‍ ക്രമീകരിക്കുക, സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ നിജപ്പെടുത്തുക, അധ്യാപകപരിശീലനപരിപാടികള്‍ സംഘടിപ്പിക്കുക, ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ക്കുള്ള ടൈംടേബിള്‍ തയാറാക്കുക എന്നിവ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള സംസ്ഥാന മോണിട്ടറിംഗ് സമിതിയുടെ ചുമതലയാണ്.
അധ്യാപനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക, സ്കൂള്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണനല്കുക, വിദ്യാര്‍ഥികളുടെ സമഗ്രവികസനം ഉറപ്പുവരുത്തുക, പഠനനിലവാരം ഉയര്‍ത്തുക, പഠനപിന്നാക്കാവസ്ഥ കണ്ടെത്തുക, പഠനനേട്ടങ്ങള്‍ പരിശോധിക്കുക, വിദ്യാര്‍ഥിയുടെ സമഗ്ര വികസനം ഉറപ്പാക്കുക, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്നിവയാണ് ക്യുഐപി മോണിട്ടറിംഗ് കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍. സ്കൂള്‍, ഉപജില്ലാ, ജില്ലാ, റീജണ്‍, സംസ്ഥാനതലങ്ങളിലും സംസ്ഥാന മോണിട്ടറിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ ഇടപെടാനാകും.