ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിതെളിച്ച് മുതിർന്ന നേതാവ് സച്ചിൻ പൈലറ്റിന്റെയും ജാട്ട്, ബിഷ്ണോയ് സമുദായ നേതാക്കളുടെയും വേദി പങ്കിടൽ. ബാർമർ ജില്ലയിലെ ധോരിമന്നയിൽ നടന്ന പ്രാദേശിക ചടങ്ങിലാണ് ഈ പ്രമുഖ നേതാക്കൾ ഒന്നിച്ച് അണിനിരന്നത്.
മുൻ സർപഞ്ചും കർഷക നേതാവുമായ ഗോർധന റാം വിഷ്ണോയിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് സച്ചിൻ പൈലറ്റ്, പ്രമുഖ ജാട്ട് നേതാവും എംഎൽഎയുമായ ഹരീഷ് ചൗധരി, മുൻ മന്ത്രി ഹേമാറാം ചൗധരി എന്നിവർ ഒന്നിച്ച് എത്തിയത്. ഹരീഷ് ചൗധരി ഓടിച്ച വാഹനത്തിലാണ് സച്ചിൻ പൈലറ്റ് ചടങ്ങിനെത്തിയത്.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള ജാട്ട്, ബിഷ്ണോയ് സമുദായങ്ങളുടെ ഈ പിന്തുണ സച്ചിൻ പൈലറ്റിന്റെ രാഷ്ട്രീയ ഭാവിക്ക് പുതിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ രാജസ്ഥാനിലെ 30 ഓളം മണ്ഡലങ്ങളിൽ തങ്ങളുടെ വോട്ടുബാങ്ക് ഏകോപിപ്പിക്കാൻ ഈ സഖ്യത്തിന് സാധിച്ചാൽ അത് വരും തെരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനം ചെലുത്തും.