Kerala
പേരൂര്‍ക്കട: വേണ്ടത്ര സുരക്ഷയുള്ള സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീഴുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് തോട്ടില്‍ വീണത്. ഇതില്‍ അബദ്ധത്തില്‍ വീണത് രണ്ടുപേര്‍ മാത്രം. ബാക്കിയുള്ളവര്‍ മദ്യലഹരിയിലാണ് തോട്ടിലേക്കു വീണത്.
തോട് ഒഴുകുന്ന സെന്‍ട്രല്‍ തിയേറ്റര്‍ റോഡിന്റെ ഭാഗത്തെ ഉയരം കുറഞ്ഞ കൈവരിയിലിരിക്കുന്നവരാണ് പിടിവിട്ട് താഴേക്കു വീഴുന്നത്. കഷ്ടിച്ച് 300 മീറ്റര്‍ അകലെയുള്ള ബാറില്‍ നിന്ന് മദ്യവും വാങ്ങി തോട് ഒഴുകുന്ന ഭാഗത്തെ കൈവരിയിലിരുന്ന് കുടിക്കുകയും അര്‍ദ്ധബോധാവസ്ഥയില്‍ തോട്ടിലേക്കു വീഴുകയുമാണ് ചെയ്യുന്നത്.
സെന്‍ട്രല്‍ തിയേറ്ററിന്റെ ഭാഗത്ത് ഏകദേശം 200 മീറ്റര്‍ ദൂരം റോഡിന് സമാന്തരമായാണ് ആമയിഴഞ്ചാന്‍ തോട് ഒഴുകുന്നത്. ഏറെക്കുറെ ഒഴുക്ക് നിലച്ച വെള്ളമുള്ള തോട്ടില്‍ അരക്കെട്ടോളം ഉയരത്തില്‍ വെള്ളവുമുണ്ട്. തോട്ടില്‍ വീഴുന്നവര്‍ അര്‍ദ്ധബോധാവസ്ഥയില്‍ തന്നെ ഇതിനുള്ളില്‍ തുടരുമ്പോള്‍ നാട്ടുകാരോ സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളോ അറിയിച്ച് തിരുവനന്തപുരം യൂണിറ്റില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തുന്നത്.
രണ്ടുദിവസത്തിനു മുമ്പ് തമിഴ്നാട് തിരുനെല്‍വേലി സ്വദേശി വിക്രാന്ത് (35) മദ്യലഹരിയില്‍ തോട്ടില്‍ വീഴുകയുണ്ടായി. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് യുവാവിനെ കരയ്ക്ക് കയറ്റിയത്. ഒന്നായും കൂട്ടമായും കൈവരിയിലിരുന്ന് മദ്യപിക്കുന്നവരുടെ എണ്ണവും കുറവല്ല.
തീര്‍ത്തും മാലിന്യം പേറുന്ന തോട്ടിലെ വെള്ളത്തില്‍ വീഴുന്നവരെ കഴുകി ശുദ്ധി വരുത്തിയശേഷമാണ് വിട്ടയയ്ക്കുന്നത്. പരിക്കേല്‍ക്കുന്നവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കോ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കോ കൊണ്ടുപോകുന്നതിനു മുമ്പ് മാലിന്യം ശരീരത്തില്‍ നിന്നു നീക്കം ചെയ്യുന്നതും ഫയര്‍ഫോഴ്സ് സംഘം തന്നെ!
എല്ലാ മാസവും മദ്യലഹരിയില്‍ തോട്ടിലേക്കു വീഴുന്നവരുടെ എണ്ണത്തില്‍ കുറവില്ലെങ്കിലും തോടിന്റെ സംരക്ഷണവേലി ഉയര്‍ത്താനോ നിലവിലുള്ള സംരക്ഷണവേലിക്കു പുറത്തുകൂടി സുരക്ഷാവലകള്‍ സ്ഥാപിക്കാനോ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ഫയര്‍ഫോഴ്സ് സംഘം ഇതുസംബന്ധിച്ച് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപകടാവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ്.
Kerala
കോൽക്കത്ത: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ബിജെപി എന്നും പ്രതിജ്ഞാബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നിന്നുള്ള രേഖാ പാത്രയെ സ്ഥാനാർഥിയാക്കിയതും ആർജി കർ മെഡിക്കൽ കോളജ് സംഭവത്തിലെ ഇരയുടെ കുടുംബത്തിന് നൽകിയ പിന്തുണയും ഉയർത്തിക്കാട്ടിയായിരുന്നു മോദിയുടെ പ്രസ്താവന.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ സ്ത്രീകൾ കടുത്ത അതിക്രമങ്ങൾ നേരിടുകയാണെന്ന് വിമർശിച്ച പ്രധാനമന്ത്രി, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.
സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ പോരാട്ടത്തിന് നേതൃത്വം നൽകിയ രേഖാ പാത്രയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിലൂടെ ബിജെപി നൽകുന്നത് വലിയൊരു സന്ദേശമാണ്.
കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ബലാംത്സഗത്തിനിരയായി ദാരൂണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയുടെ കുടുംബത്തിനൊപ്പമാണ് എക്കാലവും ബിജെപിയെന്നും മോദി പറഞ്ഞു.
Kerala
തിരുവനന്തപുരം: വെടിക്കെട്ട് അപകടം തടയാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വെടിക്കെട്ട് അപകടം നടന്ന മുണ്ടത്തിക്കോട് പ്രദേശവും മെഡിക്കൽ കോളജ് ആശുപത്രിയും സന്ദർശിച്ചശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ സംബന്ധിച്ച് പഠിക്കാൻവച്ച കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഉണ്ട്. ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ ഉണ്ട്.
ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ നടപ്പിലാക്കിയില്ല. വിവിധ സ്ഥലങ്ങളിൽ പെരുന്നാളും ഉത്സവങ്ങളും പൂരങ്ങളുമൊക്കെ നടത്തുന്ന ദേവസ്വങ്ങളോ അവിടുത്തെ കമ്മിറ്റിക്കാരോ ശ്രദ്ധിച്ചില്ല. അതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അപകടം.
മുണ്ടത്തിക്കോട് അവിടെ ഒരു ഫയർഫോഴ്സിന്റെ സംവിധാനം പോലുമില്ലാതെയാണ് ഈ പടക്കങ്ങൾ നിർമിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടുന്ന അമിട്ടുകൾ ഒക്കെ നിർമിക്കുകയും ഒക്കെ ചെയ്തത്. അതുപോലെ ശാസ്ത്രീയമായ നിലയിലുള്ള ഒരു സംവിധാനവും അവിടെ ഏർപ്പെടുത്തിയിരുന്നില്ല.
വാസ്തവത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് പരിഷ്കൃതമായ രീതിയിൽ ആയിരിക്കണം, ശാസ്ത്രീയമായ നിലയിൽ ആയിരിക്കണം. ശാസ്ത്രീയമായ നിലയിൽ ഈ ഉത്സവത്തിന് ആവശ്യമായ പടക്കങ്ങൾ നിർമിക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും ഒക്കെ തയാറാകാത്ത പക്ഷം ഇത്തരം അപകടങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്.
പലപ്പോഴും നമ്മൾ ഈ അപകടം ഉണ്ടാകുമ്പോൾ അതിനെപ്പറ്റി ഒന്ന് ചർച്ച ചെയ്യും, പിന്നെ നമ്മളെല്ലാം ഇതും മറന്നുപോകും. അതുകൊണ്ട് ക്ഷേത്രങ്ങളിൽ ആണെങ്കിലും പള്ളികളിൽ ആണെങ്കിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിൽ ആണെങ്കിലും അവിടെ ഒക്കെ വെടിക്കെട്ടിനു വ്യക്തമായ മാനദണ്ഡം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പ്രത്യേകമായ ശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങൾ നടത്താൻ പാടുള്ളൂ.
വലിയ തോതിൽ വലിയ അപകടസാധ്യതയുള്ള കരിമരുന്ന് പ്രയോഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇന്നലെ പല ശവശരീരങ്ങളുടെ ഭാഗങ്ങളാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇനിയെങ്കിലും കേരളത്തിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കനുള്ള ശക്തമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത് നമ്മളെല്ലാവരുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.
പുറ്റിങ്ങൽ അപകടം ഉണ്ടായതിനുശേഷവും ഇത്തരം വാദങ്ങൾ നിലവിലുണ്ടായിരുന്നു. ഇത് ശാസ്ത്രീയമായ നിലയിൽ പുനഃസംവിധാനം ചെയ്യണം. അമ്പലങ്ങളിലെ ഉത്സവങ്ങൾക്ക് ആനകളെ ഉപയോഗിക്കുമ്പോൾ ആനകളെ എങ്ങനെ പരിപാലിക്കണം എന്നുള്ള നിയമമുണ്ട്, അതൊന്നും പാലിക്കപ്പെടുന്നില്ല.
അതുപോലെ കരിമരുന്ന് പ്രയോഗം നടത്തുന്നതിനെ സംബന്ധിച്ച് നിയന്ത്രണങ്ങളുണ്ട്, അത് നടപ്പിലാക്കുന്നില്ല. അതിന്റെ ഫലമാണ് ഇത്രയും വലിയ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്.
എത്ര സഹായം കൊടുത്താലും അവരുടെ ജീവൻ തിരിച്ചു കിട്ടില്ലല്ലോ. ഇനി ആ കുടുംബത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യാൻ കഴിയുന്നത്.
അപ്പോ സർക്കാരുകൾക്ക് ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെ. മറ്റുള്ള ആളുകളും ഇപ്പോ സഹായങ്ങളുമായിട്ട് മുന്നോട്ടുവന്നിട്ടുണ്ട്. എം.എ. യൂസഫ് അലി സഹായത്തിന് മുന്നോട്ടുവന്നിട്ടുണ്ട്, കല്യാൺ ജുവലേഴ്സ് വന്നിട്ടുണ്ട്. അപ്പോ അങ്ങനെയുള്ള ആളുകളൊക്കെ സഹായിക്കും. കേരളം അങ്ങനൊരു മനസുള്ള നാടാണ്. ഇത്തരം സംഭവങ്ങൾ ഇനിയും വർത്തിക്കാതിരിക്കട്ടെ എന്നാണ് പറയാനുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: വരുന്ന അധ്യായന വർഷത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയാറെടുപ്പുകളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടന്നു.
ഈ മാസം പകുതിയോടുകൂടി സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. മേയ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ജൂണിൽ സുരക്ഷിതമായ അധ്യായനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്കൂൾ പരിസരങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കുന്നതിൽ ഇത്തവണ വിട്ടുവീഴ്ചയുണ്ടാകില്ല. കാടുവെട്ടിത്തെളിക്കൽ, മാലിന്യ നിർമാർജ്ജനം, എലികളുടെ താവളങ്ങൾ നശിപ്പിക്കൽ എന്നിവയിലൂടെ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം.
വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് പ്രത്യേക അവബോധവും നൽകിവരുന്നു. പാമ്പ് ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത വിദ്യാലയങ്ങൾക്ക് ഇത്തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണം, വനം, ആരോഗ്യം, കെഎസ്ഇബി, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമേ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ.
സ്കൂൾ പരിസരത്തെ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും സുരക്ഷാ വേലി നിർബന്ധമാണ്. കെഎസ്ഇബിയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റോ ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം.
പാമ്പുകടി ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ നേരിടാൻ സിപിആർ അടക്കമുള്ള പ്രഥമശുശ്രൂഷാ പരിശീലനം ഒരു സ്കൂളിൽ രണ്ട് ജീവനക്കാർക്കെങ്കിലും ഉറപ്പാക്കണം.
കെട്ടിടങ്ങളുടെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, മൈതാനങ്ങളിലെ കുഴികൾ നികത്തൽ, അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റൽ എന്നിവ പരിശോധനയുടെ പ്രധാന പരിധിയിൽ വരും. സ്കൂൾ തലത്തിൽ പ്രധാനാധ്യാപകൻ, പിടിഎ പ്രതിനിധി, വാർഡ് മെമ്പർ എന്നിവരടങ്ങുന്ന സബ് കമ്മിറ്റികളെയാണ് ഏകോപന ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം. മേയ് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും സുരക്ഷാസജ്ജമാണെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോടാണു കോടതി നിർദേശിച്ചത്.
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ, മാനസിക വെല്ലുവിളി നേരിടുന്ന നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടപെടല്‍.
തൃശൂര്‍ സംഭവത്തില്‍ കോടതി സ്വമേധയാ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ മേഖലയില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിട്ട് നാളുകളായെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്.
ഡോക്ടര്‍മാരും നഴ്സുമാരുമടക്കം എത്രത്തോളം സുരക്ഷിതരാണെന്നും സെക്യൂരിറ്റി ജീവനക്കാര്‍ എത്രത്തോളമുണ്ടെന്നും അറിയിക്കണം. മാനസികാരോഗ്യകേന്ദ്രങ്ങളില്‍ സുരക്ഷാവിന്യാസം ഒരുക്കാന്‍ അതത് പോലീസ് കമ്മീഷണര്‍മാര്‍ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
Kerala
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും പുനരധിവാസവും ശക്തീകരണവും ഉറപ്പാക്കാന്‍ സംസ്ഥാനത്ത് "സായംപ്രഭാ സേന' രൂപീകരിച്ചതായി മന്ത്രി ഡോ.ആര്. ബിന്ദു.
മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍, പോലീസ്, ദുരന്ത നിവാരണ അഥോറിറ്റികള്‍, വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവയുമായുള്ള ഏകോപനം സായംപ്രഭ സേന നടപ്പാക്കും.
ഉപേക്ഷിക്കപ്പെട്ട വൃദ്ധര്‍, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന വയോജനങ്ങള്‍, ഒറ്റപ്പെട്ടവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര ഇടപെടലിലൂടെ പുനരധിവാസ സൗകര്യം ഒരുക്കുന്നതിനും സേന നേതൃത്വം നല്‍കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സായംപ്രഭാ ഫെസ്റ്റ് നാളെയും മറ്റന്നാളുമായി വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലാണു സംഘടിപ്പിക്കുക.
District News
ഇരിട്ടി: ഇരിട്ടി ഫയർഫോഴ്സ് കർണാടകയിലെ മാക്കൂട്ടം റേഞ്ച് ഫോറസ്റ്റിലെ ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തീപിടിത്തം, പ്രഥമ ശുശ്രൂഷ എന്നി വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. കർണാടകയുടെ അധീനതയിൽ ഉള്ള മാക്കൂട്ടം ചുരം പാതയിലും മാക്കൂട്ടം വനമേഖലയിലും അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് എത്തുന്നത് ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ്.
അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട മുൻകരുതലുകളാണ് ക്ലാസുകൊണ്ട് ലക്ഷ്യമിടുന്നത്. ഇരിട്ടി ഫയർഫോഴ്സ് അംഗങ്ങൾ മുൻ വർഷങ്ങളിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസുകൾ നൽകിയിരുന്നു. മാക്കൂട്ടം റേഞ്ച് ഓഫീസിൽ നടന്ന ക്ലാസിന് ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ് ലാൽ, പി.എച്ച്. നൗഷാദ്, അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. കർണാടക റേഞ്ചർ മാധവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ക്ലാസ് നൽകിയത്.
Kerala
കൊച്ചി: രാജ്യത്തെ തീരദേശഗ്രാമങ്ങളുടെ സുരക്ഷയ്ക്കും ശക്തീകരണത്തിനുമായി കേന്ദ്രസർക്കാർ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വിവിപി) ആരംഭിച്ചു. കടൽവഴിയുള്ള കള്ളക്കടത്ത് ശൃംഖലകൾക്കെതിരേ ജാഗ്രത ശക്തമാക്കാനും കാലാവസ്ഥാപരമായ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് അപകടസാധ്യതകളെക്കുറിച്ച് അവബോധം പകരാനും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
പട്രോളിംഗ് ബോട്ടുകളെയും റഡാർ സംവിധാനങ്ങളെയും മാത്രം ആശ്രയിക്കുന്ന തീരദേശ സുരക്ഷാപ്രവർത്തനങ്ങൾക്കിനി മാറ്റം വരും. തീരസുരക്ഷാപ്രവർത്തനങ്ങളിൽ തീരഗ്രാമങ്ങളിലുള്ളവരുടെ സഹകരണം പദ്ധതി വഴി ഉറപ്പാക്കും.
നിയമവിരുദ്ധ മത്സ്യബന്ധനം, കള്ളക്കടത്തുകൾ, ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനു സംവിധാനമുണ്ടാകും. സുരക്ഷാസേനകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്രാമവാസികളുടെ സജീവ പിന്തുണ ഉറപ്പാക്കുന്ന നിലയിലേക്ക് ബോധവത്കരണം നടത്തും.
തീരാതിർത്തികളുള്ള കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാകും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. മത്സ്യത്തൊഴിലാളികൾക്കുപുറമെ തുറമുഖ തൊഴിലാളികൾ, വ്യാപാരികൾ, ടൂറിസത്തെ ആശ്രയിക്കുന്ന സമൂഹങ്ങൾ തുടങ്ങിയവരുടെയും സഹകരണം പദ്ധതിയിൽ ഉറപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയുടെയും സഹകരണം തേടും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
രാജ്യത്തിന് 11,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തീരപ്രദേശമുണ്ട്. ഉയരുന്ന സമുദ്രനിരപ്പ്, തീരദേശ മണ്ണൊലിപ്പ്, അപ്രതീക്ഷിതമായ കാലാവസ്ഥാമാറ്റങ്ങൾ എന്നിവ തീരവാസികളുടെ വരുമാന മാർഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ട്. പല തീരദേശകുടുംബങ്ങളും പരമ്പരാഗത ഉപജീവനമാർഗങ്ങൾ ഉപേക്ഷിക്കാൻ ഇതിലൂടെ നിർബന്ധിതരായി. ഇതിന് ബദൽ മാർഗങ്ങളും പരിഹാരവും തേടുകയെന്നതും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ലക്ഷ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
District News
പാലക്കാട്: സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ രാത്രിയാത്രാസുരക്ഷ എന്ന വിഷയത്തിൽ പാലക്കാട് ലുലു മാളിലെ ജീവനക്കാർക്കായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വനിതാകമ്മീഷൻ അംഗം വി.ആർ. മഹിളാമണി പരിപാടി ഉദ്ഘാടനം ചെയ്തു.
ലുലു മാൾ കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ചു. വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. ഐശ്വര്യ വിഷയാവതരണം നടത്തി. ലുലു മാൾ എച്ച്ആർ മാനേജർ ജി. രാകേഷ്, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അരുണ്‍ ഗോകുൽ എന്നിവർ പ്രസംഗിച്ചു.
National
ചെന്നൈ: മെട്രോ ട്രെയിന്‍ സര്‍വീസിനിടെ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിന്നുപോയതോടെ യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി. തുരങ്കത്തിനുള്ളിലൂടെ നടന്നാണ് യാത്രക്കാര്‍ സമീപത്തെ ഹൈക്കോടതി സ്റ്റേഷനിലെത്തിയത്.
വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലൂലൈനിലാണ് ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തുരങ്കത്തിനുള്ളില്വച്ച് ട്രെയിന്‍ നിന്നുപോയതെന്നാണ് അധികൃതരുടെ വിശദീകരണം.
പെട്ടെന്ന് ട്രെയിന്‍ നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഏകദേശം പത്തുമിനിറ്റോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയനിലയിലായിരുന്നു.
യാത്രക്കാര്‍ തുരങ്കത്തിലൂടെ നടന്നുപോകുന്നതിന്റെയും ട്രെയിനില്‍ കുടുങ്ങിപ്പോയതിന്റെയും വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.