പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ അവബോധം ശക്തിപ്പെടുത്തുന്നതിനായി സഹയാത്ര എന്ന പേരിൽ ജില്ലാതലബോധവത്കരണ കാന്പെയിൻ സംഘടിപ്പിക്കും. ഇന്നു മുതൽ 25വരെയും 27നുമായി യഥാക്രമം തിരുവല്ല, അടൂർ, പന്തളം, പത്തനംതിട്ട ബസ് സ്റ്റാൻഡുകളിലാണ് പരിപാടി നടക്കുക.
സ്നേഹിതയുടെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുക, കൗൺസലിംഗ്, മാനസികാരോഗ്യ പിന്തുണ, നിയമസഹായം, സ്ത്രീ-ശിശു സുരക്ഷാ സേവനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് കാന്പെയിന്റെ പ്രധാന ലക്ഷ്യം. തിരുവല്ലയിൽ നഗരസഭ ചെയർപേഴ്സൺ എസ്. ലേഖയുടെ അധ്യക്ഷതയിൽ വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. അടൂരിൽ നഗരസഭ ചെയർപേഴ്സൺ റീന സാമുവേലിന്റെ അധ്യക്ഷതയിൽ സി.വി. ശാന്തകുമാർ എംഎൽഎയും പന്തളത്ത് സിഡിഎസ് ചെയർപേഴ്സൺ സിനി മോട്ടിലാലിന്റെ അധ്യക്ഷതയിൽ നഗസഭ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരിയും പത്തനംതിട്ടയിൽ സിഡിഎസ് ചെയർപേഴ്സൺ ലേഖയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സിന്ധു അനിലും കാമ്പെയിൻ ഉദ്ഘാടനം ചെയ്യും.
കാന്പെയിന്റെ ഭാഗമായി സ്നേഹിതയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുകയും ആവശ്യക്കാർക്ക് കൗൺസലിംഗ്, നിയമസഹായം, മാനസിക പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. സ്ത്രീ-ശിശു സുരക്ഷ, ലിംഗസമത്വം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.