മാള: ഹോളിഗ്രേസ് അക്കാദമിയിൽ നടന്ന മൂന്നാമത് തൃശൂർ സെൻട്രൽ സഹോദയ ചെസ് ചാമ്പ്യൻഷിപ്പിൽ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിന് കിരീടം. 243 പോയിന്റുകൾ നേടി തുടർച്ചയായ മൂന്നാംവർഷമാന്ന് ഡോ. രാജു ഡേവിസ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. 232 പോയിന്റ് നേടിയ മാള ഹോളിഗ്രേസ് അക്കാദമി രണ്ടാംസ്ഥാനവും 138 പോയിന്റുകൾ നേടിയ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ത്യൻ റെയിൽവേ ചെസ് ടീം കോച്ച് ടി.ജെ. സുരേഷ്കുമാർ നിർവഹിച്ചു. സമ്മാനദാനം തൃശൂർ സെൻട്രൽ സഹോദയ വൈസ് പ്രസിഡന്റ് എൻ.എം. ജോർജ് നിർവഹിച്ചു. ഹാട്രിക് വിജയം സ്വന്തമാക്കിയ ചെസ് താരങ്ങൾക്കും കോച്ച് അരുൺബോസിനും ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഡയറക്ടർ അന്ന ഗ്രേസ് രാജു, പ്രിൻസിപ്പൽ ഡോ.പി.എൻ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ അനുമോദനംനൽകി.