സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത നാൾ മുതൽ പ്രേക്ഷകരിൽ നിന്നും മികച്ച പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ലോ പേസിൽ ആരംഭിച്ച് പിന്നീട് വരുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും നിറയ്ക്കുന്ന മേക്കിംഗ് ശൈലിയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. 'റോയ്', 'അരികിൽ ഒരാൾ', 'ചാപ്റ്റേഴ്സ്', 'വൈ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം എത്തിച്ചിരിക്കുന്നതും സ്വർണലയ സിനിമാസ് തന്നെയാണ്.
ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം തികച്ചും അഭിനന്ദനാർഹമാണെന്ന് ആദ്യ പ്രദർശനം മുതൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർക്ക് പുറമെ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് എം.എസ്. ഫൈസൽ ഖാൻ ആണ് കഥയൊരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പ്രൊജക്ട് ഡിസൈനർ: ഷിജു തമീൻസ്, പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, സൗണ്ട് ഡിസൈൻ: എ.ബി. ജുബിൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.