ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായി തള്ളിക്കളയുന്ന പഴയ സിഡി കഷണങ്ങള്‍ ഉപയോഗിച്ച് വിശുദ്ധ അന്തോണീസിന്റെ ചിത്രമൊരുക്കി യുവാക്കൾ. ഐക്കരക്കുന്ന് പാദുവാനഗര്‍ സെന്റ് ആന്റണീസ് ഇടവകയിലെ കെസിവൈഎം പ്രവര്‍ത്തകരാണ് അതിമനോഹരമായ ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ഇടവകയിലെ ഊട്ടുതിരുനാളിനോടനുബന്ധിച്ചാണ് കലാസൃഷ്ടി ഒരുക്കിയത്.
പലനിറങ്ങളിലും വലിപ്പത്തി ലുമുള്ള സിഡികള്‍ കൃത്യമായ അളവില്‍ മുറിച്ചെടുത്ത്, അവയുടെ തിളക്കവും വര്ണരാചികളും നഷ്ടപ്പെടാത്ത രീതിയിലാണ് ചിത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രകാശത്തി ന്റെ പ്രതിഫലനമനുസരിച്ച് ചിത്രത്തിനു വ്യത്യസ്തഭാവങ്ങള്‍ കൈവരുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഇരുന്നൂറിലധികം പഴയ സിഡികളുടെ തുണ്ടുകള്‍ സൂക്ഷ് മമായി മുറിച്ചൊരുക്കിയാണു വിശുദ്ധ അന്തോണീസിന്റെ മുഖഭാവം, വസ്ത്രധാരണം, ദിവ്യമായ സാന്നിധ്യം എന്നിവ അതീവ സൂക്ഷ്മതയോടെ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ദിവസവും വൈ കീട്ട് അഞ്ചു മുതല്‍ രാത്രി പതിനൊന്നുവരെ ഇരുപതോളം യുവജനങ്ങളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തി ച്ചത്. കോ-ഓര്‍ഡിനേറ്റര്‍മാരായ ഹെല്‍ന വര്‍ഗീസ്, ജിബിന്‍ ജോസഫ്, അലീന ആന്റണി എന്നിവർ നേതൃത്വം നല്കി.
കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അന്തോണീസിന്റെ ചിത്രം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സീജൊ ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. 14 നാണു തിരുനാള്‍. തിരുനാള്ദിനംവരെ പള്ളിക്കുമുമ്പില്‍ പൊതുദര്‍ശനത്തിനായി ചിത്രംവച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ സോഡാ കുപ്പി അടപ്പുകള്‍, നൂൽ, ജല ഛായംഎന്നിവയിൽ വിശുദ്ധന്റെ ചിത്രം ഒരുക്കിയിരുന്നു.