'ദി സ്റ്റാറി നൈറ്റ്'; ലോകത്തിലെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്ന്! വരച്ചത്, വിൻസന്റ് വാൻഗോഗ്. ലോകം അത്രത്തോളം ആഘോഷിച്ച മറ്റൊരു ചിത്രകാരനുമില്ല! ഫ്രാൻസിലെ സെന്റ് റെമി ഡി പ്രൊവിൻസിലുള്ള അഭയകേന്ദ്രത്തിൽ വച്ചാണ്, ആ ചിത്രമെഴുത്തു രൂപപ്പെടുന്നത്. 1889 ജൂണിലാണു ചിത്രം വരച്ചത്. സൂര്യോദയത്തിനു തൊട്ടുമുമ്പ്, സെന്റ് റെമി ഡി പ്രൊവിൻസിലെ വാൻഗോഗിന്റെ മുറിയിലെ കിഴക്ക് അഭിമുഖമായുള്ള ജാലകത്തിൽനിന്നുള്ള കാഴ്ചയാണ് ആ ചിത്രം. എന്നാൽ, കാഴ്ചയുടെ പകർപ്പു മാത്രമല്ല, അദ്ദേഹത്തിന്റെ ഭാവനയും ഓർമകളും വികാരങ്ങളും ഇഴ ചേരുന്നതാണ് ആ മാസ്റ്റർപീസ്. നീലയും വെള്ളയും കലർന്ന, ചുഴലിക്കാറ്റുപോലെ അലയടിക്കുന്ന ആകാശം, പ്രകാശിക്കുന്ന നക്ഷത്രങ്ങൾ, ചന്ദ്രക്കല, തീജ്വാല പോലെ ഉയർന്നുനിൽക്കുന്ന സൈപ്രസ് മരം - 'ദി സ്റ്റാറി നൈറ്റ്', രചനാശൈലികളെ തിരുത്തിയെഴുതുന്നതായി. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന്റെ ശേഖരത്തിലാണു ചിത്രമുള്ളത്.
ഇപ്പോൾ, 'ദി സ്റ്റാറി നൈറ്റ്' വരച്ച കൃത്യമായ തീയതി കണ്ടെത്താനുള്ള ശ്രമത്തിലാണു ഗവേഷകർ. ദക്ഷിണ കൊറിയയിലെ ക്യൂംഗ് ഹീ യൂണിവേഴ്സിറ്റിയിലെ സംഘമാണു പുതിയ പഠനത്തിനു പിന്നിൽ. ചിത്രത്തിലെ ആകാശക്കാഴ്ച വെറുമൊരു ഭാവനയല്ലെന്നും, ഫ്രാൻസിലെ അഭയകേന്ദ്രത്തിന്റെ ജനലിലൂടെ കാണപ്പെട്ട യഥാർഥ ആകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.