കണ്ണൂര്‍: ദേശീയപാത 66 നിർമാണത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ആറുവരിപ്പാത നിര്‍മാണച്ചുമതലയുള്ള കരാർ കന്പനി തൊഴിലാളികൾ കൂലി മുടങ്ങിയതിനെത്തുടർന്ന് പണിമുടക്കി. കരാറുകാരായ ‘വിശ്വസമുദ്ര’ കന്പനിയിൽ രണ്ടുമാസമായി കൂലി മുടങ്ങിയതിനെത്തുടർന്നാണ് ഇതരസംസ്ഥാനക്കാരായ നൂറിലധികം തൊഴിലാളികൾ പണിമുടക്കിയത്.
കുടിശികയായ കൂലി തന്ന് തീര്‍ത്താല്‍ മാത്രമേ ഇനി ജോലി ചെയ്യൂവെന്ന മുന്നറിയിപ്പുമായി തൊഴിലാളികള്‍ ഇന്നലെ കാട്ടാമ്പള്ളിയിലെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊരിവെയിലും പെരുമഴയും വകവയ്ക്കാതെ രാപ്പകൽ വ്യത്യാസമില്ലാതെജോലി ചെയ്യുന്ന തങ്ങളെ കരാർ കന്പനി വഞ്ചിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. മോശമായ ഭക്ഷണവും താമസ സൗകര്യവുമാണ് തങ്ങൾക്കു നൽകുന്നതെന്നും ഇവർ ആരോപിച്ചു. കൂലി കിട്ടുംവരെ പ്രതിഷേധം തുടരുമെന്നും ഇവര്‍ അറിയിച്ചു.
പ്രതിഷേധം ശക്തമായതോടെ അഴീക്കോട് എംഎൽഎ കെ.വി. സുമേഷും വളപട്ടണം എസ്എച്ച്ഒ ടി.എം. വിപിനിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇരുപതാം തീയണ് എല്ലാമാസവും കൂലി ഒന്നിച്ച് നൽകാറുള്ളതെന്നും രണ്ട് മാസത്തെ ശമ്പളം ഇപ്പോള്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും മുടക്കിയേക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും തൊഴിലാളികൾ എംഎൽഎയോടും പൊലിസിനോടും പങ്കുവച്ചു. ഇത്തരം സാഹര്യങ്ങളിൽ സമരം ചെയ്തവരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ കമ്പനി നേരത്തെ സ്വീകരിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.അത് കൊണ്ടുതന്നെ രണ്ടു മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.
കെ.വി.സുമേഷ് എംഎൽഎ കന്പനി അധികൃതരുമായി നടത്തിയ ചർച്ച നടത്തി. ഒരു മാസത്തെ കൂലി ഉടൻ നൽകുമെന്നും ബാക്കി തുക 15നകം നൽകുമെന്നും ബന്ധപ്പെട്ടവർ ഉറപ്പ് നൽകി. കൂലി വിതരണത്തിൽ തടസമുണ്ടായാൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് എംഎൽഎയും പൊലിസും കന്പനി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.