മുംബൈ: വലിയ ആവേശത്തോടെയാണ് തുടങ്ങിയതെങ്കിലും, ശരീരഭാരം കുറയ്ക്കലിനുള്ള ജനറിക് മരുന്നുകളെക്കുറിച്ച് ഇന്ത്യയിലുണ്ടായിരുന്ന ആവേശം ഇപ്പോൾ തണുക്കാൻ തുടങ്ങിയിരിക്കുന്നു.
ആദ്യ വർഷത്തിൽ വൻ വരുമാനം ലക്ഷ്യമിട്ട് ജനറിക് സെമാഗ്ലൂട്ടൈഡ് (semaglutide) വിപണിയിലേക്ക് ഇറങ്ങിയ ആഭ്യന്തര മരുന്ന് നിർമാണ കന്പനികൾ, തങ്ങളുടെ വില്പന ലക്ഷ്യങ്ങൾ ഇപ്പോൾ നിശബ്ദമായി കുറച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടർമാർ ഈ മരുന്ന് കുറിച്ചുനൽകുന്നതിലെ മന്ദഗതിയും മരുന്ന് കഴിക്കുന്നത് തുടരുന്ന രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും ഉണ്ടായ കുറവുമാണ് ഇതിന് കാരണമെന്ന് ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
തങ്ങളുടെ ജിഎൽപി1 ഉല്പന്നങ്ങളിൽ നിന്ന് ആദ്യവർഷം 100-150 കോടി രൂപയുടെ വാർഷിക വിൽപ്പന പ്രതീക്ഷിച്ചിരുന്ന പല കന്പനികളും ഇപ്പോൾ ലക്ഷ്യത്തിൽ 25-30% വരെ കുറവ് വരുത്താൻ നിർബന്ധിതരായിരിക്കുകയാണ്. ഡോക്ടർമാർ ഈ മരുന്ന് നിർദേശിക്കുന്നതിലെ മന്ദഗതി, യഥാർഥ ബ്രാൻഡുകളുമായുള്ള വിലയുദ്ധം, രോഗികൾ മരുന്ന് കഴിക്കുന്നത് നിർത്തുന്നത്, ഇൻജക്ഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ സങ്കീർണതകൾ എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ സ്റ്റോക്കിസ്റ്റുകളുടെയും മൊത്തക്കച്ചവടക്കാരുടെയും പക്കൽ 100 കോടിയിലധികം രൂപയുടെ മരുന്നുകൾ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നുണ്ട്.
വിപണിയിലെ പ്രമുഖ കന്പനിയായ ’നോവോ നോർഡിസ്ക്’ തങ്ങളുടെ മരുന്നുകളുടെ വില കുത്തനെ കുറച്ചത് ആഭ്യന്തര ജനറിക് നിർമാതാക്കൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നോവോ നോർഡിസ്കിന്റെ ഉത്്പന്നങ്ങളേക്കാൾ വില കുറവാണെങ്കിലും, ജനറിക് സെമാഗ്ലൂട്ടൈഡ് ഉപയോഗിച്ചുള്ള ഒരു മാസത്തെ ചികിത്സയ്ക്ക് 2,000 മുതൽ 4,000 രൂപ വരെ ചെലവ് വരും. സാധാരണക്കാരുടെ സാന്പത്തിക ശേഷി വച്ചുനോക്കുന്പോൾ ഇന്ത്യൻ മാനദണ്ഡമനുസരിച്ച് ഇത് ഉയർന്ന തുകയാണ്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, രണ്ടാം ഘട്ടത്തിൽ GLP-1 മരുന്നുകൾ വിപണിയിലെത്തിക്കാൻ പദ്ധതിയിട്ടിരുന്ന കന്പനികൾ ഇപ്പോൾ ’കാത്തിരുന്ന് കാണാം’ എന്ന നിലപാടിലാണെന്ന് അധികൃതർ പറയുന്നു.