പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ കൗതുകകരമായ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. പ്രശസ്ത പക്ഷിനിരീക്ഷകനായ സലിം അലിയെക്കുറിച്ചാണ് അതിലൊന്ന്.
സലിം അലി ഒരു വേട്ടക്കാരനായിരുന്നു എന്ന കാര്യം അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. ഖാസി മലകളിൽ കടുവകളെ വെടിവച്ചുകൊന്നിരുന്ന കാര്യം അലി അതിൽ പരാമർശിക്കുന്നു. മനുഷ്യരെ കൊന്നുതിന്നുന്ന കടുവകളുള്ള നാട്ടിൽ കടുവകളെ കൊന്നുതിന്നിരുന്ന ചുരുക്കം മനുഷ്യരിലൊരാളായിരുന്നു സലിം അലി!
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ പറഞ്ഞ കാര്യമാണ് മറ്റൊന്ന്. ആനകളെ വേട്ടയാടുന്നത് അവസാനിപ്പിച്ചെന്നു കരുതുക. അപ്പോൾ ഒരു ആനയെ മറ്റൊരാനയുടെ പിറകിൽ നിർത്തിയാൽ ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ആറിലൊന്നു ദൂരം ആനയെക്കൊണ്ടു നിറയാൻ 750 വർഷം മതിയാകും!
ഇനി ഗാഡ്ഗിൽ പറഞ്ഞ മറ്റൊരു കാര്യം. മനുഷ്യൻ മൂന്നു ലക്ഷം വർഷങ്ങൾക്കു മുമ്പാണ് രൂപപ്പെട്ടതെന്നു കണക്കാക്കുന്നു. അവർ ജീവൻ നിലനിർത്തിയത് വേട്ടയാടലിലൂടെയായിരുന്നു. വേട്ടയാടിക്കിട്ടുന്ന ഇറച്ചിയായിരുന്നു അവരുടെ സ്വാഭാവിക ഭക്ഷണം. അമ്പതിനായിരം വർഷമായിട്ടേയുള്ളൂ കൃഷിയും മൃഗപരിപാലനവും മനുഷ്യരുടെ ജീവിതക്രമമായി മാറിയിട്ട്. അതിനുമുമ്പുള്ള രണ്ടര ലക്ഷം വർഷം ആദിമമനുഷ്യർ വേട്ടയാടിത്തന്നെയാണു ജീവിച്ചത്. ഇന്ത്യയിലും ഇതുതന്നെയായിരുന്നു സ്ഥിതി. നർമദാ നദീതീരത്തെ കൽഭിത്തികളിൽ മനുഷ്യർ മൃഗങ്ങളെ വേട്ടയാടുന്നതിന്റെ ഓയിൽ പെയിന്റിംഗ് വരെയുണ്ട്. അക്കാലത്തെ ഏറ്റവും മികച്ച പോഷകാഹാരമായിരുന്നു വേട്ടയിറച്ചി.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിനെക്കുറിച്ച് ഗാഡ്ഗിൽ പറയുന്നത് കേൾക്കുക: ഡബ്ലുഡബ്ല്യുഎഫ് നമ്മോടു പറയുന്നത് വന്യജീവികളെ സംരക്ഷിക്കാനാണ്. എന്നാൽ, ആരൊക്കെയാണ് ഈ പ്രസ്ഥാനത്തിനു പിന്നിലുള്ളതെന്നു നോക്കുക. മിക്കവാറും ബ്രിട്ടനിലെ രാജകുടുംബാംഗങ്ങൾ. ഡബ്ലുഡബ്ല്യുഎഫിന്റെ നേതാക്കൾക്ക് അവരുടെ നാട്ടിൽ സ്വന്തമായി ഷൂട്ടിംഗ് എസ്റ്റേറ്റുകളുണ്ട്. അവിടെ വേട്ടയാടി ഉല്ലസിക്കാം. നമ്മുടെ നാട്ടിലെ റിസർവ് വനം പോലെയാണത്. അവരവിടെ അതിഥികളെ സൽകരിക്കുന്നു. വർഷംതോറും ആയിരക്കണക്കിന് മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നു. മൃഗങ്ങളെ വേട്ടയാടരുതെന്ന് അവർ പറയുന്നത് വിഢികളായ നാം അനുസരിക്കുന്നു!
സേവ് വെസ്റ്റേൺഘാട്ട് പീപ്പിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗൂഗിൾ മീറ്റിൽ മാധവ് ഗാഡ്ഗിൽ പറഞ്ഞ മറ്റൊരു കാര്യംകൂടി അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്ന വേളയിൽ നമുക്കോർക്കാം.
അത് ആഗോളതലത്തിൽ വന്യജീവി നിയന്ത്രണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി സയന്റിഫിക് ആൻഡ് ടെക്നിക്കൽ അഡ്വൈസറി പാനലിന്റെ ചെയർമാനായിരുന്ന അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം പറയുന്നത്.
ലോകത്ത് ഏറ്റവും മികച്ച പരിസ്ഥിതിസംരക്ഷകർ സ്വീഡനും നോർവേയുമാണ്. പരിസ്ഥിതി സൗഹൃദ റാങ്കിംഗിൽ എപ്പോഴും മുന്നിൽ വരുന്നത് ഇവരാണ്. ഒപ്പം ഡെൻമാർക്കോ ഫിൻലൻഡോ കൂടെയുണ്ടാകും. ഇന്ത്യയാകട്ടെ താഴെ 180-ാം സ്ഥാനത്താണ്. ഇതിനു പ്രധാന കാരണം യുക്തിരഹിതവും അന്യായവുമായ വന്യജീവിസംരക്ഷണ നിയമങ്ങളാണ്. നോർവേ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക്, അമേരിക്ക, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ വന്യമൃഗങ്ങൾക്കു സംരക്ഷണം വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും അകത്തുമാത്രമാണ്. ഇതിനു പുറത്തൊക്കെ വേട്ടയാടൽ അനുവദനീയമാണ്. വന്യജീവികൾ പുനരുപയോഗ വിഭവങ്ങളാണെന്നതാണ് നോർവേയുടെയും സ്വീഡന്റെയും കാഴ്ചപ്പാട്.
സ്വീഡനിലും നോർവേയിലും ഹൈവേകളിലൂടെ സഞ്ചരിക്കുമ്പോൾ മാനുകൾ കൂട്ടംകൂട്ടമായി പോകുന്നത് കാണാം. അവയൊക്കെ നിയന്ത്രിത വേട്ടയാടലിനു വിധേയമാണ്. അങ്ങനെ മൃഗങ്ങളുടെ വളർച്ച, എണ്ണപ്പെരുപ്പം എന്നിവ നിയന്ത്രിക്കും. പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളാണ് എത്ര മൃഗങ്ങൾ, ഏതു കാലത്ത്, എങ്ങനെ വേട്ടയാടപ്പെടണമെന്നു തീരുമാനിക്കുന്നതും ലൈസൻസ് നല്കുന്നതും.
വിഖ്യാതനും വിവാദനായകനുമായ പരിസ്ഥിതി ശാസ്ത്രജ്ഞന് ആദരാഞ്ജലിയർപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ നിഗമനങ്ങളിൽ കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനുമുള്ള ശാസ്ത്രീയ ചർച്ചകളും വിവേകവുമാണ് ഇനി വേണ്ടത്.