കവൻട്രി: യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ രണ്ടാമത് നേതൃത്വ പരിശീലന ക്യാമ്പ് കവൻട്രിയിലെ സെന്റ് ഓസ്ബർഗ് കാത്തലിക് ഹാളിൽ നടന്നു. സംഘടനയുടെ 15 യൂണിറ്റുകളിൽ നിന്നായി 70 ഓളം പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ജിജു സൈമൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം. സ്വരാജ് പ്രവാസ ലോകത്തെ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് "കേരള രാഷ്ട്രീയം ഇന്നലെയും ഇന്നും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രാഷ്ട്രീയ നിരീക്ഷകൻ ഡോ. പ്രേംകുമാർ "പ്രോപഗണ്ട കാലത്ത് ആഗോള മലയാളികൾ എന്ന പ്രതീക്ഷ' എന്ന വിഷയത്തിൽ സംസാരിച്ചു.
നവമാധ്യമങ്ങളെ സമീക്ഷ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ഡോ. വി.പി.പി. മുസ്തഫ പുതിയ വനിതാ സംവരണ ബില്ലിനെക്കുറിച്ചും സംഘടനകളിൽ സ്ത്രീകൾക്ക് നൽകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും സംസാരിച്ചു.
നാഷ്ണൽ കമ്മിറ്റിയിൽ വന്ന ഒഴിവുകൾ നികത്തികൊണ്ട് നിലവിലുള്ള 11 നാഷ്ണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ വിനോദ് പണിക്കർ, മോൻസി തൈക്കൂടൻ, ജി. ശ്രീജിത്ത്, ധനേഷ് അമ്പലവയൽ, ജയൻ മലയിൽ, ഷാജു സി. ബേബി, വിഷ്ണുദാസ്, യാസർ സിദ്ദീഖ്, ജോർജ് ജോസഫ്, പ്രിൻസ് എം. ജോർജ് എന്നിവരെ നാഷ്ണൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.