ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 348 റൺസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക് പട നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.
വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്‍റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.
അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.