ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗും നടി സമ്രീൻ കൗറും വിവാഹിതരാകുന്നു. നവംബർ 11 ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹനിശ്ചയ വാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്.
"ജീവിതം ഞങ്ങൾക്ക് നൽകിയ എല്ലാ സൗഭാഗ്യങ്ങളിലും വെച്ച്, ഞങ്ങളെ പരസ്പരം നൽകിയതിലാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം. ഒരുമിച്ചുള്ള ഒരു ജീവിതത്തിലേക്ക്. 11.11.2026" എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്.
ന്യൂസിലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് അർഷ്ദീപ് മുട്ടുകുത്തി നിന്ന് സമ്രീൻ കൗറിനെ പ്രൊപ്പോസ് ചെയ്തത്. ലോകപ്രശസ്ത ആഭരണ ബ്രാൻഡായ 'ടിഫാനി'യുടെ വജ്രമോതിരമാണ് അർഷ്ദീപ് സമ്രീന് നൽകിയത്. ഈ മോതിരത്തിന് 55 ലക്ഷം രൂപയിലധികം വിലവരുമെന്ന് സെലിബ്രിറ്റി ജ്വല്ലറി വിദഗ്ധൻ പീയൂഷ് ഗോയൽ വെളിപ്പെടുത്തി.
യുഎസിൽ ഏകദേശം 59,000 ഡോളർ (ഏകദേശം 55.26 ലക്ഷം രൂപ) വിലമതിക്കുന്ന പ്ലാറ്റിനം-ഡയമണ്ട് മോതിരമാണിത്. ഇന്ത്യയിൽ കാരറ്റ് അളവനുസരിച്ച് 1.69 കാരറ്റ് മോതിരത്തിന് 44 ലക്ഷം രൂപയും, 2.10 കാരറ്റ് മോതിരത്തിന് 66.79 ലക്ഷം രൂപയുമാണ് വില വരുന്നത്.
റൗണ്ട് ബ്രില്യന്റ് -കട്ട് വജ്രം പതിപ്പിച്ച ഈ സോളിറ്റയർ മോതിരത്തിന്റെ പ്രത്യേകത, എല്ലാ കോണുകളിൽ നിന്നും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ഇതിന്റെ പ്രോങ് സെറ്റിംഗാണ്.
2026ലെ ഐപിഎൽ സീസണിലാണ് അർഷ്ദീപ് സിംഗും സമ്രീൻ കൗറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. പഞ്ചാബ് കിംഗ്സിനും അർഷ്ദീപിനും പിന്തുണയുമായി സമ്രീൻ നിരവധി മത്സരങ്ങളിൽ ഗാലറിയിൽ എത്തിയിരുന്നു.
ഇരുവരുടെയും യാത്രാ ചിത്രങ്ങളും സ്നാപ്ചാറ്റ് പോസ്റ്റുകളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ സമ്രീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അർഷ്ദീപ് തങ്ങളുടെ പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ വർഷത്തെ ദീപാവലി ആശംസകളും ഇരുവരും സംയുക്തമായാണ് ആരാധകരുമായി പങ്കുവെച്ചത്.