കൊച്ചി: തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ ആലപ്പുഴ സ്വദേശി സനീഷ് (20) സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി പൊലിസ് കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ വി.എസ്. ശ്രീഹരി അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോയും ദൃശ്യങ്ങളും കൈമാറിയിരുന്നത് പിടിയിലായ സനീഷ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തിനായിരുന്നു.
ഇവ മോര്‍ഫ് ചെയ്ത ശേഷം സനീഷും കൂട്ടാളികളും ടെലിഗ്രാമിലെ വിവിധ അശ്ലീല പെയ്ഡ് ഗ്രൂപ്പുകളില്‍ അപ്ലോഡ് ചെയ്യും. പണം നല്കിയാല് മാത്രം ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്ന ഗ്രൂപ്പാണിത്. പെയ്ഡ് ഗ്രൂപ്പ് ആയതിനാല്‍ പ്രതികള്‍ക്ക് വന്‍തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിരിക്കാം എന്നാണ് പൊലിസ് കരുതുന്നത്.
മാവേലിക്കര ഐഎച്ച്ആര്‍ഡി കോളജിലെ ബിരുദ വിദ്യാര്‍ഥിയായ പ്രതി മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ടെലിഗ്രാമിലെ പെയ്ഡ് ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണം സ്വീകരിക്കാനായി സനീഷ് പലര്‍ക്കും ക്യുആര്‍ കോഡ് അയച്ചു നല്‍കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും ഇയാള്‍ പെയ്ഡ് ഗ്രൂപ്പുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ പ്രതിക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശ്രീഹരിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലിസിന് സനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ശ്രീഹരിയുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ശ്രീഹരിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പൊലിസിനു ലഭിച്ചതായാണ് സൂചന. ശ്രീഹരിയെയും സനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.