കന്നട താരം കോമൾ കുമാർ, മേഘ്ന രാജ് സർജ, അനുഷ റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് ചിത്രം നിർമിക്കുന്നത്.
കോമഡിയും ഫാന്റസിയും ആത്മീയതയും കോർത്തിണക്കുന്ന ഈ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മേഘ്ന രാജ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കന്നടയ്ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അഷറഫ് ഗുരുക്കളാണ് ആക്ഷൻ കോറിയോഗ്രാഫർ. പഴയകാല യുദ്ധമുറകളും ആധുനിക ഫൈറ്റുകളും ഒപ്പം നർമവും കലർന്ന സംഘട്ടനങ്ങൾ ചിത്രീകരിക്കുന്നതിനായി ഏകദേശം 35 ദിവസത്തോളം വേണ്ടിവന്നുവെന്ന് അഷറഫ് ഗുരുക്കൾ വ്യക്തമാക്കുന്നു. 25-ഓളം ഫൈറ്റേഴ്സും പത്തോളം കുതിരകളും അണിനിരന്ന വലിയ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ശിവമോഗ, കുന്ദാപുര എന്നിവിടങ്ങളിൽ കൂറ്റൻ സെറ്റുകൾ ഒരുക്കിയായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തിൽ പ്രധാന താരങ്ങളെല്ലാം രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നത്. കോമൾ കുമാർ ഒരു കൊട്ടാര ചിത്രകാരനായും സിനിമാ സംവിധായകനായും വേഷമിടുമ്പോൾ, കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മേഘ്ന രാജ് എത്തുന്നത്. മലയാളവും കന്നഡയും സംസാരിക്കുന്ന ഈ കഥാപാത്രത്തിലൂടെ മേഘ്നയും കോമൾ കുമാറും ആദ്യമായിട്ടാണ് ഒന്നിച്ച് സ്ക്രീൻ പങ്കിടുന്നത്.
സംവിധായകൻ സന്ദേശ് ഷെട്ടിയ്ക്ക് പുറമേ പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവഹിച്ചിരിക്കുന്നു. പി. ശിവപ്രസാദ് ആണ് മലയാളം പിആർഒ.