തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ മേഖലയെയും ഒരുപോലെ ഉലച്ചുകൊണ്ടാണ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്.
വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ 25 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ചെങ്ങൽപട്ട് കുടുംബ കോടതിയിൽ സംഗീത ഹർജി നൽകിയതായാണ് വിവരം.
വിജയ്യുടെ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെയും ഉയർന്നിരുന്നെങ്കിലും, കോടതിയിൽ ഹർജി ഫയൽ ചെയ്തെന്ന പുതിയ വാർത്തകൾ ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
വിവാഹമോചന ഹർജിയിൽ വിജയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിജയ്ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് തന്റെ കുടുംബജീവിതത്തിൽ വലിയ മാനസിക പ്രയാസങ്ങൾക്കും തകർച്ചയ്ക്കും കാരണമായെന്നുമാണ് സംഗീതയുടെ വാദം.
ഈ ആരോപണങ്ങൾക്ക് പിന്നാലെ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. വിജയ്യുടെ കുടുംബം തകരാൻ കാരണം തൃഷയാണെന്ന് ആരോപിച്ച് പലരും നടിക്കെതിരെ തിരിഞ്ഞതോടെ വിഷയം കൂടുതൽ വഷളായി.
ഇതിനിടെ തൃഷ വിജയ്യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടു. വിജയ്യുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ആശംസയും ചിത്രവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും ഫോളോവിംഗ് ലിസ്റ്റിൽ വിജയ് ഇല്ലാത്തത് പല സംശയങ്ങൾക്കും ഇടനൽകുന്നു.
എന്നാൽ തൃഷ നേരത്തെയും വിജയ്യെ ഫോളോ ചെയ്തിരുന്നില്ലെന്ന് ഒരു വിഭാഗം ആരാധകർ വാദിക്കുന്നുണ്ട്. വിവാഹമോചന വാർത്തകൾക്ക് പിന്നാലെ വിജയ്യുടെ മകൻ ജേസൺ സഞ്ജയും പിതാവിനെ സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്.
തന്റെ അമ്മ നേരിടുന്ന വിഷമങ്ങളിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന സഞ്ജയ് അച്ഛനുമായി അകൽച്ചയിലാണെന്ന സൂചനകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.
ഇതിനിടെ രാഷ്ട്രീയ രംഗത്തുനിന്നും വിജയ്ക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ ഉയർന്നിരുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിജയ്യെയും തൃഷയെയും ബന്ധപ്പെടുത്തി നടത്തിയ വിവാദ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
അന്ന് നടി തൃഷ നിയമനടപടികളുമായി മുന്നോട്ട് പോയെങ്കിലും വിജയ് ഈ വിഷയത്തിൽ മൗനം പാലിക്കുകയാണുണ്ടായത്.