കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് സംഭാവന നൽകുന്ന ദീർഘകാല ബിസിനസ് പങ്കാളികളായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കാണണമെന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
കേവലം സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം എംഎസ്എംഇകളെ കാണുന്ന പ്രവണത ശരിയല്ല. കേരളം എംഎസ്എംഇ മേഖലയിലെ സംരംഭകത്വത്തിൽ കൈവരിച്ച വലിയ മുന്നേറ്റം രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ആർബിഐ കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ, നഗരമേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങളിലേക്ക് വികസനം എത്തിച്ചേരുമ്പോൾ മാത്രമാണ് രാജ്യത്തിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്. രാജ്യത്ത് 33 കോടി പേർക്കാണ് എംഎസ്എംഇ മേഖല തൊഴിൽ നൽകുന്നത്. കാർഷികമേഖലയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് എംഎസ്എംഇയാണ്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എംഎസ്എംഇ മേഖല നിർണായക സംഭാവന നൽകുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 31 ശതമാനവും ഉത്പാദനത്തിന്റെ 45 ശതമാനവും കയറ്റുമതിയുടെ ഏകദേശം 50 ശതമാനവും സംഭാവന ചെയ്യുന്നത് എംഎസ്എംഇ മേഖലയാണ്.
കയർ, സുഗന്ധവ്യഞ്ജനങ്ങൾ, ടൂറിസം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിൽനിന്ന് കരുത്ത് ഉൾക്കൊള്ളുന്നതോടൊപ്പംതന്നെ വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ഫിൻടെക്, ശുദ്ധ ഊർജം എന്നീ മേഖലകളിൽ നവീകരണത്തിന്റെ കേന്ദ്രങ്ങളായി കേരളവും കൊച്ചിയും ഉയർന്നുവന്നത് പ്രതീക്ഷ നൽകുന്നതാണെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, ആർബിഐ കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ, ആർബിഐയുടെ എംഎസ്എംഇ വിഭാഗം ചീഫ് ജനറൽ മാനേജർ ആർ. ഗിരിധരൻ, ആർബിഐ ഓംബുഡ്സ്മാൻ ഇ.ബി. ചിന്ദൻ, കൊച്ചി ആർബിഐ ജനറൽ മാനേജർ പ്രമോദ് കുമാർ, കാനറ ബാങ്ക് സീനിയർ മാനേജർ പ്രവീൺ മൈക്കിൾ, സിഡ്ബി കൊച്ചി ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ടി. ഷാജു റാഫേൽ, തിരുവനന്തപുരം ആർബിഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി.ജി. മണികണ്ഠൻ, കേരളം ആസ്ഥാനമായുള്ള വാണിജ്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, പൊതുമേഖലാബാങ്കുകളുടെ സംസ്ഥാന മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലുടനീളമുള്ള 140ഓളം എംഎസ്എംഇ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.