തിരുവനന്തപുരം: സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നൂറു ദിവസം പൂർത്തിയാക്കുന്ന ചൊവ്വാഴ്ച കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു.
എല്ലാ ജില്ലകളിലും ഡിപ്പോകൾ കേന്ദ്രീകരിച്ചു സാരി വിതരണം നടത്തുമെന്നും തമ്പാനൂരിൽ ഗതാഗത മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുമെന്നുമുള്ള വാർത്തയാണ് പുറത്തുവന്നത്. എന്നാൽ ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മന്ത്രിയും വ്യക്തമാക്കി.
ഇത്തരത്തിൽ വാർത്ത പ്രചരിച്ചതിൽ മന്ത്രി കെഎസ്ആർടിസി എംഡിയെ ഉൾപ്പെടെ കടുത്ത അതൃപ്തി അറിയിച്ചു. പദ്ധതിയുടെ ശോഭ കെടുത്താനുള്ള പ്രചാരണം ആരാണു നടത്തുന്നതെന്നു കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു.
പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി. ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.
വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഏറെ നാളായി യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്‍റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിക്കും.