ബംഗളൂരു: ഇന്ത്യയിൽ എൻജിനിയറിംഗ് കഴിവുകൾക്കോ വിപണിയുടെ വ്യാപ്തിക്കോ യാതൊരു കുറവുമില്ല. എങ്കിലും മറ്റ് രാജ്യങ്ങളിൽ നിർമിക്കപ്പെടുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ വെറുമൊരു ഉപഭോക്താവായി മാത്രമാണ് ഇന്ത്യ ഇതുവരെ പ്രധാനമായും തുടർന്നത്.
ചാറ്റ്ജിപിടിക്കും ആന്ത്രോപിക്കിനും ബദലായി ബംഗളൂരു ആസ്ഥാനമായുള്ള സർവം എന്ന സ്റ്റാർട്ടപ്പ് ഇന്ത്യയിലെ ഭാഷാ വൈവിധ്യങ്ങളും ദേശീയ താത്പര്യങ്ങളും സംരക്ഷിച്ചും പ്രാദേശിക ആവശ്യങ്ങൾക്കു മുൻഗണന നൽകിയും സ്വന്തമായി വികസിപ്പിച്ച ആർട്ടിഫിഷൽ സാങ്കേതികവിദ്യയാണ് സർവം എഐ. 2023 ജൂലൈയിൽ ഐഐടി മദ്രാസിലെ ഗവേഷകരായിരുന്ന വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേർന്നാണ് ഈ സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്.
ഇന്ത്യൻ കന്പനി വികസിപ്പിച്ചെടുത്ത ആർട്ടിഫിഷൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ സർവം എഐക്ക് വൻ നിക്ഷേപം. എച്ച്സിഎൽ ടെക് ആണ് 1,427 കോടി രൂപയുടെ നിക്ഷേപം സർവം എഐയിൽ നടത്തിയത്.
10.46 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്സിഎൽ നേടിയിരിക്കുന്നത്. എച്ച്സിഎൽ ടെക്കും ബെസ്സമർ വെഞ്ച്വർ പാർട്ണേഴ്സും നേതൃത്വം നൽകിയ ഈ ഫണ്ടിംഗ് റൗണ്ടിൽ കന്പനിയുടെ നിലവിലുള്ള നിക്ഷേപകരായ ഖോസ്ല വെഞ്ചേഴ്സും പീക്ക് എക്സ് വി പാർട്ണേഴ്സും പങ്കാളികളായി. ഈ പുതിയ നിക്ഷേപത്തോടെ കന്പനിയുടെ വിപണി മൂല്യം 1.5 ബില്യണ്‍ ഡോളറായി ഉയർന്നു.
കന്പനികൾക്ക് അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാനാകുന്ന സവിശേഷമായ എഐ മോഡലുകൾ സംയുക്തമായി വികസിപ്പിക്കാൻ പുതിയ നിക്ഷേപത്തിലൂടെ സർവം എഐക്ക് സാധിക്കും. ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ കൃത്യതയോടെ പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങൾ
എച്ച്സിഎൽ ടെക്കിന്റെ ആഗോള ഉപയോക്താക്കൾക്ക് ലഭ്യമാക്കും.
കഴിഞ്ഞ വർഷം അവസാനത്തോടെ പ്രമുഖ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടായ ലൈറ്റ്സ്പീഡിൽ നിന്നും ഖോസ്ല വെഞ്ച്വേഴ്സ്, പീക്ക് എക്സ് വി പാർട്ണേഴ്സ് എന്നിവരിൽ നിന്നും ഏകദേശം 340 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാൻ സർവം എഐക്ക് സാധിച്ചിരുന്നു.
ജനറേറ്റീവ് എഐ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ആഗോള ഐടി കന്പനികൾ മത്സരിക്കുന്ന സമയത്താണ് എച്ച്സിഎൽ ടെക്കിന്റെ ഈ നീക്കം. വരും വർഷങ്ങളിൽ ഇന്ത്യൻ ഐടി മേഖലയിൽ ജനറേറ്റീവ് എഐ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമായാണ് വിപണി വിദഗ്ധർ ഈ നിക്ഷേപത്തെ വിലയിരുത്തുന്നത്.
ടെക്സ്റ്റ് ടു സ്പീച്ച് കണ്‍വേർഷനുള്ള ബുൾബുൾ വി2, വി3 മോഡലുകൾ, സ്പീച്ച് ടു ടെക്സ്റ്റ്, പ്രിന്റഡ് രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള സർവം വിഷൻ, പരിഭാഷ, വീഡിയോ മറ്റു ഭാഷകളിലേക്കു മാറ്റാനുള്ള എഐ വോയ്സ് ക്ലോണിംഗ്, കസ്റ്റമർ കെയർ ആവശ്യങ്ങൾക്കും മറ്റുമുള്ള കോണ്‍വർസേഷണൽ ഏജന്റ് തുടങ്ങിയവയാണ് സർവം കഴിഞ്ഞ മാസങ്ങളിൽ പുറത്തിറക്കിയത്.