സുല്‍ത്താന്‍ ബത്തേരി: കാട്ടാനയാക്രമണത്തില്‍ ക്ഷീരകര്ഷകന് പരിക്കേറ്റു. പഴേരി വീട്ടിക്കുറ്റി ഉന്നതിയിലെ ശശിക്കാണ് (49) ഇടതുകാലിനു പരിക്കേറ്റത്. ഇദ്ദേഹത്തെ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചേമുക്കാലോടെ പാല് അളവുകേന്ദ്രത്തിലേക്കു പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
പിന്നില്‍നിന്നു പാഞ്ഞെത്തിയായിരുന്നു കാട്ടാനയുടെ ആക്രമണം. ചിന്നംവിളിച്ച് പാഞ്ഞടുക്കുന്ന ആനയെ കണ്ട് പരിഭ്രമിച്ച ശശി വയലില്‍ വഴുതിവീണു. ഇതിനിടെ, അടുത്തെത്തിയ ആന ശശിയെ തുമ്പിക്കൈക്കു തട്ടി സമീപത്തെ വയലിലേക്കിട്ടു.
പിന്നീട് കൊമ്പുകള്‍കൊണ്ട് കുത്തി. കൊമ്പുകള്ക്കിടയില്പ്പെട്ടതും വളര്‍ത്തുനായ കുരച്ചെത്തിയതുമാണു ശശിക്കു രക്ഷയായത്. നായയെ കണ്ടപ്പോള്‍ ആനയുടെ ശ്രദ്ധ അതിനുനേരേ തിരിഞ്ഞു. നായയുടെ പിന്നാലെ ആന ഓടിയ തക്കത്തിനാണ് ശശി വയലില്‍നിന്ന് എഴുന്നേറ്റ് വീട്ടിലേക്കു മടങ്ങിയത്.
വിവരം അറിയിച്ചതനുസരിച്ച് വനപാലകര്‍ എത്തിയാണ് ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പരിക്ക് ഗുരുതരമല്ലെന്നു കണ്ട് ഡിസ്ചാര്‍ജ് ചെയ്തു.