തിരുവനന്തപുരം: കേരളത്തിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുഖ്യമന്ത്രി പദവി ലഭിക്കാത്തതിൽ അതൃപ്തിയറിയിച്ച് മാറിനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
വെള്ളിയാഴ്ച ഉച്ചയോടെ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയ സതീശൻ, അദ്ദേഹവുമായി അരമണിക്കൂറിലധികം ചർച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. രമേശ് ചെന്നിത്തല തനിക്ക് ജ്യേഷ്ഠതുല്യനാണെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ പൂർണമായ പിന്തുണയും മാർഗനിർദ്ദേശവും ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
താൻ എപ്പോഴും വന്നുപോകുന്ന വീടാണിതെന്നും ചെന്നിത്തല തന്റെ നേതാവാണെന്നും സതീശൻ പറഞ്ഞു. ഇതൊരു ഔദ്യോഗിക സമവായ ചർച്ചയല്ല. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമോ എന്നത് പാർട്ടി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ താൻ പൂർണ സന്തോഷവാനാണെന്നും കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വലിയ ദൗത്യമാണ് ഹൈക്കമാൻഡ് സതീശനെ ഏൽപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ ഉപാധികളുമില്ലെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.