വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു നടത്തിയ തൊറാസിക് ശസ്ത്രക്രിയ വിജയകരം. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു വീഡിയോ അസിസ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ.
യാതൊരു സങ്കീർണതകളുമില്ലാതെ 90 മിനിറ്റോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ മാർപാപ്പയുടെ വലതു ശ്വാസകോശത്തിന്റെ താഴെ ഭാഗത്തുള്ള മുഴ പൂർണമായി നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്കിടെ നടത്തിയ പരിശോധനയിൽ ശ്വാസകോശ അഡിനോകാർസിനോമ എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. നീക്കം ചെയ്ത കോശങ്ങളുടെയും ലിംഫ് നോഡുകളുടെയും വിശദമായ പരിശോധനാഫലങ്ങൾ വരുംദിവസങ്ങളിൽ ലഭിക്കും.
അഡിനോകാർസിനോമ, നോൺ സ്മോൾ സെൽ ലംഗ് കാൻസറിൽ ഏറ്റവും സാധാരണവും രോഗമുക്തി സാധ്യത കൂടുതലുള്ളതുമായ വിഭാഗമാണെന്നും കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നറിഞ്ഞശേഷം മാത്രമേ കീമോതെറാപ്പി അല്ലെങ്കിൽ ഇമ്യൂണോ തെറാപ്പി പോലുള്ള തുടർചികിത്സകളെക്കുറിച്ച് തീരുമാനിക്കൂ എന്നും വത്തിക്കാൻ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കുശേഷം സാധാരണ നിലയിൽ ഉണർന്ന മാർപാപ്പ, മുറിക്കുള്ളിൽ നടന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ച അദ്ദേഹം ജീവനക്കാരുമായി കുശലാന്വേഷണം നടത്തുകയും ചെയ്തു.
മാർപാപ്പയുടെ ഈ മാസം 20 വരെയുള്ള എല്ലാ പൊതുകൂടിക്കാഴ്ചകളും വത്തിക്കാൻ റദ്ദാക്കിയിട്ടുണ്ട്. നവംബർ ആറു മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഉറുഗ്വെ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള 11 ദിവസത്തെ അപ്പസ്തോലിക യാത്രയുടെ കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കും.
ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയ വിവരം കഴിഞ്ഞ ഞായറാഴ്ചയാണ് മാർപാപ്പ വിശ്വാസികളെ അറിയിച്ചത്. രോഗം നേരത്തേ കണ്ടെത്താനായത് ആശ്വാസകരമാണെന്നും മാർപാപ്പയുടെ പൂർണസൗഖ്യത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർഥനയിൽ ഒന്നുചേരണമെന്നും വത്തിക്കാൻ അഭ്യർ ഥിച്ചു.