കൊച്ചി: മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറാൻ മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയത്.
തലക്കേറ്റ അതിശക്തമായ അടിയാണ് സാവരിയയുടെ മരണകാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കാലു മുതൽ തല വരെ ശരീരമാസകലം ചതവുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഉസ്ബക്കിസ്ഥാനിൽ വെച്ച് നടന്ന കുറ്റകൃത്യമായതിനാൽ നിലവിൽ ഇന്ത്യൻ ഏജൻസികൾക്ക് അവിടെ നേരിട്ട് അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ട്. എന്നാൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് സാവരിയയുടെ മരണത്തിൽ കേസെടുത്തിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് പോലീസ് കേസ് ചുമത്തിയിട്ടുള്ളത്. സദറുൽ അനാം സാവരിയയെ മതം മാറാൻ നിർബന്ധിച്ചിരുന്നെന്ന പരാതിയടക്കം ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിക്കും.