നാസിക്: വി.ഡി. സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത കേസ് നാസിക് കോടതി റദ്ദാക്കി. പരാതിക്കാരൻ തന്നെ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് രൂപാലി നർവാഡിയയുടെ നടപടി.
2022-ൽ നടന്ന 'ഭാരത് ജോഡോ യാത്ര'യ്ക്കിടെ രാഹുൽ ഗാന്ധി സവർക്കർക്കെതിരെ സംസാരിച്ചുവെന്നാണ് പരാതി. സവർക്കർ ബ്രിട്ടീഷ് സർക്കാരിന് വേണ്ടി പ്രവർത്തിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു എന്ന രാഹുലിന്റെ പ്രസ്താവന, സ്വാതന്ത്ര്യസമര സേനാനിയായ സവർക്കറുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു എന്ന് കാണിച്ച് 'നിർഭയ ഫൗണ്ടേഷൻ' എന്ന എൻജിഒയുടെ ഡയറക്ടറാണ് കോടതിയെ സമീപിച്ചത്.
പരാതിക്കാരൻ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതോടെ കോടതി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. കേസിൽ പ്രാദേശിക പോലീസിനോട് കോടതി അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ് സമർപ്പിച്ച റിപ്പോർട്ട് രാഹുൽ ഗാന്ധിക്ക് അനുകൂലമായതിനാലാകാം പരാതിക്കാരൻ പിൻവാങ്ങിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരായ ജയന്ത് ജൈഭാവെയും ഗജേന്ദ്ര സനാപും പ്രതികരിച്ചു.
നേരത്തെ, 2024 ഒക്ടോബറിൽ ഈ കേസിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് 2025 ജൂലൈയിൽ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കേസ് പൂർണമായും റദ്ദാക്കിയത് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയമായും നിയമപരമായും വലിയ ആശ്വാസമാണ് നൽകുന്നത്.