ലോകാരോഗ്യസംഘടനയും യൂണിസെഫും ചേർന്നു പുറത്തിറക്കിയ, ജോയിന്റ് മോണിറ്ററി പ്രോഗ്രാം (ജെഎംപി) റിപ്പോർട്ടിന്റെ മുൻപേജുകളിൽ ഇന്ത്യയിൽനിന്നുള്ള പ്രസാദാത്മകമായ ചില ചിത്രങ്ങളുണ്ട്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഖിജിദിയ പ്രൈമറി സ്കൂൾ വിദ്യാർഥിനി ശരിയായ വ്യക്തിശുചിത്വത്തിന്റെ മാതൃക മറ്റ് വിദ്യാർഥികൾക്ക് സോദാഹരണം വിവരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ മാസം 22നാണ് ‘സ്കൂളുകളിലെ കുടിവെള്ളം, ശുചിത്വം, വ്യക്തിശുചിത്വം എന്നിവയിലെ പുരോഗതി-2015-2025’ എന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
എന്നാൽ, ചിത്രങ്ങളിലെ തെളിച്ചം റിപ്പോർട്ടിനകത്തേക്കു കടക്കുമ്പോൾ കാണാനില്ല. ശതമാനക്കണക്കുകളിലൂടെ പുരോഗതിയുടെ ചിത്രം വരച്ചിടാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വസ്തുതകളുടെ യാഥാർഥ്യം ഞെട്ടിക്കുന്നതാണ്. സ്കൂളുകളിൽ ശുചിമുറി സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ അഞ്ചിലൊന്ന് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 1.2 കോടി കുട്ടികൾ ഇപ്പോഴും സ്കൂളുകളിൽ യാതൊരുവിധ കുടിവെള്ള സൗകര്യവുമില്ലാത്ത സാഹചര്യത്തിലാണ് പഠിക്കുന്നത്.
2025ൽ ലോകത്ത് സ്കൂളുകളിൽ ശുചിമുറി സൗകര്യമില്ലാത്ത ആകെ കുട്ടികളുടെ പകുതിയിലധികവും കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ അഞ്ചു കോടി കുട്ടികൾക്ക് സ്കൂളുകളിൽ യാതൊരുവിധ ശുചിമുറി സൗകര്യവുമില്ല. ഈ വിവരവും ഇതേ റിപ്പോർട്ടിൽതന്നെയാണുള്ളത്. ഇന്ത്യയിൽനിന്നുള്ള സമീപകാല ദേശീയ വിവരങ്ങൾ ലഭ്യമല്ലെന്ന കുറ്റസമ്മതംകൂടി വായിക്കുമ്പോൾ കാര്യങ്ങളുടെ അവസ്ഥ ഏതാണ്ട് പിടികിട്ടും. ഇന്ത്യയിലെ സ്കൂളുകളിലെ ശുചിത്വസേവനങ്ങളുടെ കണക്കുകൾ 2024 വരെയുള്ളതു മാത്രമേ ജെഎംപി തയാറാക്കിയിട്ടുള്ളൂ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക, സാമ്പത്തിക വളർച്ചയിൽ ഇന്ത്യ മുന്നേറുന്നുണ്ടെങ്കിലും അടിസ്ഥാന ജനക്ഷേമ സേവനങ്ങളിൽ വലിയൊരു ശതമാനം ജനങ്ങൾ ഇന്നും പുറത്താണെന്ന് ഈ റിപ്പോർട്ടിൽനിന്ന് വായിച്ചെടുക്കാം. ആനുകൂല്യങ്ങൾ പൂർണമായും താഴെത്തട്ടിൽ എത്തുന്നില്ല. അതിനാൽ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളുകളിൽ ദുരിതമയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു.
ഇനി രാജ്യത്തെ സ്കൂളുകളിലെ ശുചിത്വസൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നമ്മുടെതന്നെ ചില റിപ്പോർട്ടുകൾ കാണാം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വഴി നിർമിച്ച സ്കൂൾ ശുചിമുറികളുടെ അവസ്ഥ പരിശോധിച്ചുള്ള സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് പരിശോധിച്ച സ്കൂളുകളിലെ 72 ശതമാനം ശുചിമുറികളിലും പൈപ്പ് വെള്ള സൗകര്യം ഉണ്ടായിരുന്നില്ല എന്നാണ്. 30 ശതമാനം ശുചിമുറികളും ഉപയോഗശൂന്യമായ നിലയിലായിരുന്നു.
55 ശതമാനം നിർമിതികളിലും കൈകഴുകാനുള്ള സൗകര്യങ്ങളോ സോപ്പോ ലഭ്യമായിരുന്നില്ല. പദ്ധതികളിൽ രേഖപ്പെടുത്തിയ പല ശുചിമുറികളും (11 ശതമാനത്തോളം) ഭാഗികമായി മാത്രം നിർമിക്കപ്പെട്ടതോ നിലവിലില്ലാത്തതോ ആയിരുന്നു എന്നതാണ് ഇന്ത്യൻ അവസ്ഥയുടെ ഏറ്റവും ദയനീയ ചിത്രം.കാൽ ഭാഗത്തോളം ഗ്രാമീണ സ്കൂളുകളിലും പെൺകുട്ടികൾക്ക് ഉപയോഗപ്രദമായ ശുചിമുറികളില്ലെന്ന് ‘പ്രഥം’ എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിൽ പറയുന്നു.
‘ലഭ്യമാണ്’എന്ന് രേഖകളിൽ കാണുന്ന പല ശുചിമുറികളും പൂട്ടിയിട്ടിരിക്കുന്നതായാണു കണ്ടത്. ഇതെല്ലാം വ്യക്തമാക്കുന്നത്, നമ്മുടെ ഭാവി തലമുറ വളരുന്ന സ്കൂളുകളിലെ പ്രാഥമിക സൗകര്യങ്ങൾ ഇപ്പോഴും നിരാശാജനകമാണ് എന്നാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്ന് ഊറ്റം കൊള്ളുമ്പോഴും ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇതാണ് അവസ്ഥ. ബഹിരാകാശ ശക്തിയായും യുദ്ധസാമഗ്രികളുടെ നിർമാണത്തിലെ കേമൻമാരായും മേനി നടിക്കുന്നതിനിടയിൽ നമ്മുടെ കുഞ്ഞുങ്ങൾ വൃത്തിഹീനമായ സാഹചര്യങ്ങളിലും ശുദ്ധമായ കുടിവെള്ളമില്ലാതെയുമൊക്കെയാണ് പഠിക്കുന്നത് എന്ന കാര്യം ആർക്കും നാണക്കേടായി അനുഭവപ്പെടുന്നില്ല.
ഏറ്റവും പ്രധാനം, സുതാര്യവും കൃത്യവുമായ ദേശീയ ഡാറ്റകൾ ശേഖരിക്കുകയാണ്. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എങ്ങനെയാണ് പുരോഗതിയുണ്ടാക്കുക? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് വാതോരാതെ പറയുന്നവർ മുൻഗണനാക്രമത്തിൽ ഇക്കാര്യം കൂടി അടിയന്തരമായി ഉൾപ്പെടുത്തണം.