തിരുവമ്പാടി: മലയോര മേഖലയിൽ പകർച്ചവ്യാധികളായ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യ വാർത്തകൾ ഉൾപ്പെടുത്തിയുള്ള വിദ്യാലയ റേഡിയോ പരിപാടിക്ക് തുടക്കം കുറിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.എ. ഫിറോസ്ഖാൻ, വാർഡ് അംഗങ്ങളായ ബിജു എണ്ണാറമണ്ണിൽ, മറിയാമ്മ ബാബു, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, പ്രധാന അധ്യാപകൻ സജി തോമസ് എന്നിവർ നേതൃത്വം നൽകി.