തിരുവനന്തപുരം: കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ.സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സംസ്ഥാനത്ത് സജ്ജമാക്കും.
അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണം. കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവച്ച് അവയെ പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയുടെയും താത്പര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽതന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം.നിർമിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സന്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ. കേരളത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജവഹർലാൽ നെഹ്റുവിന്റെ പേരിൽ സംസ്ഥാനത്ത് ‘സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ’ ആരംഭിക്കും. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ് ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ ഡയറക്റടർ ആസിഫ് .കെ. യൂസഫ് , കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെന്പഴന്തി ഉദയൻ, വാർഡ് കൗണ്‍സിലർ രേഷ്മ പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.