കൊച്ചി: കനത്ത കാറ്റിനും മഴയ്ക്കുമിടെ സ്കൂൾ ഓഡിറ്റോറിയം തകർന്നു വീണു. പെരുമ്പാവൂർ ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ചൊവ്വാഴ്ച വൈകുന്നേരം 4.10നുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
കോൺക്രീറ്റിൽ ഉറപ്പിച്ച് ഇരുമ്പുതൂണുകൾക്ക് മുകളിൽ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. മഴയുള്ള സമയങ്ങളിൽ വിദ്യാർഥികളുടെ അസംബ്ലി, ഉച്ചഭക്ഷണം, കളി തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് രണ്ട് വർഷം മുൻപാണ് ഓഡിറ്റോറിയം നിർമിച്ചത്.