മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കണവാടികളിലും കുട്ടികളെക്കൊണ്ട് വ്യക്തിഗത ജോലികൾ ചെയ്യിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്നു.
ഏറ്റവും ഒടുവിലായി ഛിന്ദ്വാര ജില്ലയിലെ പരസിയയിലുള്ള ചന്ദേമേട്ടയിലെ അങ്കണവാടിയിലാണ് കുരുന്നുകളോട് കാട്ടുന്ന അനീതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
കേന്ദ്രത്തിലെ ഹെൽപ്പർ തറയിൽ കിടക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി അവരുടെ കാലുകളിൽ ചവിട്ടി ഉഴിയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പടർന്നു.
കുട്ടി എവിടെയൊക്കെ അമർത്തണമെന്ന് ഹെൽപ്പർ തന്നെ നിർദ്ദേശിക്കുന്ന ശബ്ദവും വീഡിയോയിലുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷയും മാനസികവളർച്ചയും ഉറപ്പാക്കേണ്ട കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് പ്രദേശവാസികളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവം തലസ്ഥാനമായ ഭോപ്പാലിലെ ഗാന്ധിനഗർ ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലും അരങ്ങേറിയിരുന്നു.
ക്ലാസ് സമയത്ത് കസേരയിൽ ചാരിയിരിക്കുന്ന അധ്യാപികയുടെ കാൽ വിദ്യാർഥിയെക്കൊണ്ട് തിരുമ്മിക്കുന്നതാണ് അവിടെ ചിത്രീകരിക്കപ്പെട്ടത്.
എന്നാൽ സ്കൂൾ കവാടത്തിലെ ടൈൽ ഇളകിയ കുഴിയിൽ വീണ് കാൽ ഉളുക്കിയപ്പോൾ കുട്ടികൾ സ്വമേധയാ സഹായിച്ചതാണെന്ന ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു.
ഇതിനുപുറമേ, വിദ്യാലയങ്ങളിൽ വിദ്യാർഥികളെക്കൊണ്ട് കുഴിയെടുപ്പിക്കുന്നതും പാത്രം കഴുകിക്കുന്നതുമായ ദൃശ്യങ്ങളും നേരത്തെ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ഛത്തർപൂർ ബമ്നൗർ ക്ലസ്റ്ററിലെ ഹൈദരാബാദ് ഗവൺമെന്റ് മിഡിൽ സ്കൂൾ അധ്യാപകനായ ഭഗവാന്ദാസ് അഹിർവാർ സ്കൂളിൽ മദ്യപിച്ചെത്തുകയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെക്കൊണ്ട് മദ്യം വാങ്ങിപ്പിക്കുകയും ചെയ്തതായി ഗുരുതരമായ ആരോപണമുയർന്നു.
കുട്ടികൾ മദ്യക്കുപ്പിയുമായി എത്തുന്ന ദൃശ്യങ്ങളും, സംഭവം പകർത്തിയ ആളെ അധ്യാപകന്റെ ഭാര്യ ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
പരാതി ലഭിക്കുന്ന മുറയ്ക്ക് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ എജ്യുക്കേഷൻ ഓഫീസർ പി.കെ. റായ്ക്വാർ അറിയിച്ചു.