ഗാസിയാബാദിലെ വിജയ് നഗറിൽ കുട്ടികളുമായി പോവുകയായിരുന്ന സ്കൂൾ വാൻ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഡിഎവി സ്കൂളിന് സമീപമാണ് സംഭവം നടന്നത്.
പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തുണ്ടായിരുന്ന മരത്തിലിടിച്ച ശേഷം അഞ്ചടിയോളം താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. എന്നാൽ, താഴേക്ക് വീണ ശേഷവും വാൻ തലകീഴായോ വശങ്ങളിലേക്കോ മറിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
അപകടം നടക്കുമ്പോൾ വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ ഭയന്ന് നിലവിളിക്കാൻ തുടങ്ങിയിരുന്നു. ബഹളം കേട്ടതോടെ പരിസരത്തുണ്ടായിരുന്നവരും വഴിയാത്രക്കാരും ഉടനടി രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി.
അപകടസമയത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു യാത്രക്കാരൻ വാനിന്റെ ജനലുകൾ തുറന്ന് കുട്ടികളെ പുറത്തെത്തിക്കാൻ മുൻകൈയെടുത്തു.
പ്രദേശവാസികളും കൂടി കൈകോർത്തതോടെ വാഹനത്തിലുണ്ടായിരുന്ന കുട്ടികളെയും ഡ്രൈവറെയും വേഗത്തിൽ സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിഞ്ഞു.
ഭാഗ്യവശാൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ വിജയ് നഗർ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനം നിയന്ത്രണം വിടാനുണ്ടായ യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനയിലാണ് ഉദ്യോഗസ്ഥരെന്ന് എസ്എച്ച്ഒ ധരംപാൽ സിംഗ് വ്യക്തമാക്കി.
ഇതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാൻ മരം തകർത്ത് താഴേക്ക് പതിക്കുന്നതും തൊട്ടടുത്തുണ്ടായിരുന്ന കാൽനടയാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ഇതിൽ വ്യക്തമാണ്.
ഈ ഭീതിജനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, കുട്ടികൾക്ക് അപായമൊന്നും സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് എല്ലാവരും.