പാരീസ്: സ്കൂളുകളിലെ ശോചനീയാവസ്ഥയ്ക്കും അധ്യാപകരുടെ കുറവിനുമെതിരേ ഫ്രാൻസിൽ വിദ്യാർഥികൾ തെരുവിൽ. പ്രതിഷേധം കനത്തതോടെ രാജ്യത്തുടനീളം 400-ലധികം സ്കൂളുകളാണ് അടച്ചിട്ടിരിക്കുന്നത്.
സമരം അടിച്ചമർത്താൻ ശ്രമിച്ച പൊലിസും വിദ്യാർഥികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഇതുവരെ ഏകദേശം 2,000ത്തോളം വിദ്യാർഥികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
കഴിഞ്ഞ മാസം പാരീസ് മേഖലയിലെ ഹൈസ്കൂളുകളിൽ തുടങ്ങി ചെറിയ രീതിയിൽ ആളിക്കത്തിയ പ്രക്ഷോഭമാണ് ഇപ്പോൾ ഫ്രാൻസ് മുഴുവൻ പടർന്നുപിടിച്ചിരിക്കുന്നത്.
40 ഹൈസ്കൂൾ പ്രിൻസിപ്പൾമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഒറ്റ റീജിയണിൽ മാത്രം 25 ദശലക്ഷം യൂറോയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
സമരത്തിന് പിന്നിൽ?
അധ്യാപകരുടെ കുറവ്, ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങൾ, പഠന സാമഗ്രികളുടെ അപര്യാപ്തത എന്നിവയ്ക്കെതിരേയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസമന്ത്രാലയം തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കുട്ടികളുടെ പ്രധാന പരാതി.
എന്നാൽ, പ്രക്ഷോഭത്തിലേക്ക് അക്രമകാരികൾ നുഴഞ്ഞുകയറി സമരം ഹൈജാക്ക് ചെയ്യുകയാണെന്നാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി എഡ്വേർഡ് ഗെഫ്രെയുടെ പ്രതികരണം.
വിദ്യാർഥികൾ സുരക്ഷിതരല്ലെന്നും രക്ഷിതാക്കൾ കുട്ടികളെ തെരുവിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാഷ്ട്രീയ പോർക്കളമായി വിദ്യാർഥി സമരം
സമരത്തിന് പിന്നിൽ ഇടതുപക്ഷ പാർട്ടിയായ "ല ഫ്രാൻസ് ഇൻസുമിസ്' ആണെന്നാണ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം ഇടതുപക്ഷ നേതാക്കൾ തള്ളി.
എങ്കിലും എൽഎഫ്ഐ നേതാവും 2027-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ ജീൻ-ലൂക്ക് മെലെഞ്ചോൺ വിദ്യാർഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പൊലിസ് കാമ്പസുകളിൽ നിന്ന് പിൻവാങ്ങുക, സമരത്തെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവക്യങ്ങൾ ഉയർത്തി ഒക്ടോബർ ആറിന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിദ്യാർഥി യൂണിയനുകൾ.