കൊച്ചി: ആഴക്കടല്‍ മത്സ്യയിനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഡീപ്പ് ഡാറ്റ എന്നപേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഡീപ്പ് ഓഷ്യന്‍ മിഷന് പദ്ധതിയുടെ ഭാഗമായാണ് ആപ് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ ആഴക്കടല്‍ മത്സ്യങ്ങളുടെ വര്‍ഗീകരണം, അവയുടെ സവിശേഷതകള്‍, ലഭ്യമാകുന്ന സ്ഥലങ്ങള്‍, സംരക്ഷണപദവി എന്നിവയെല്ലാം ആപ്പിലൂടെ മനസിലാക്കാം. ആഴക്കടല്‍ മത്സ്യയിനങ്ങളുടെ ഡേറ്റാബേസ് കൂടുതല്‍ വിപുലമാക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും മത്സ്യയിനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ മനസിലാക്കുന്നതിനും ആപ് സഹായിക്കും.
മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കുപുറമെ താത്പര്യമുള്ള ആര്‍ക്കും മത്സ്യങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തും.
ഡോ. രേഖ ജെ. നായര്‍ നയിക്കുന്ന ഗവേഷണ പ്രോജക്ടിനു കീഴില്‍ ഐടി യൂണിറ്റ് ഇന്‍ചാര്‍ജ് ഡോ. എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ആപ് വികസിപ്പിച്ചത്.