District News
പയ്യന്നൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം പാറത്തോടിലെ വി. ജിഷ്ണു(27)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലിന് കോറോം കൂര്ക്കരയിലാണ് അപകടം നടന്നത്.
ജിഷ്ണുവും സുഹൃത്ത് നിധിനും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു ജിഷ്ണുവിന്റെ മരണം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിന് സുഖം പ്രാപിച്ചുവരുന്നു. നാരായണൻ-സജിത ദമ്പതികളുടെ മകനാണ് ജിഷ്ണു. സഹോദരന് സഞ്ജു നാരായണൻ.
District News
എടക്കര: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ മൂത്തേടം സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന വിദ്യാർഥിനി പരിക്കുകളോടെ രക്ഷപ്പെട്ടു.
മൂത്തേടം ചെമ്മംതിട്ടയിലെ കറുത്തേടത്ത് ഹുസൈന്റെ മകളും കോഴിക്കോട് ദേവഗിരി കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയുമായ ഫാത്തിമ റിഫയാണ് (20) മരിച്ചത്.
ദേശീയപാത 66 ലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. പെണ്‍കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഇടിച്ചു. ഇതോടെ സ്കൂട്ടർ മറിയുകയും ഫാത്തിമ റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഇരിന്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ വിദ്യാർഥിനിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം നാലോടെ മൂത്തേടത്തെ വീട്ടിലെത്തിച്ച ഫാത്തിമ റിഫയുടെ മൃതദേഹം അഞ്ചോടെ ചെമ്മംതിട്ട ജുമാമസ്ജിദിൽ കബറടക്കി. ജസ്മനയാണ് മാതാവ്. സഹോദരങ്ങൾ: മുഫാസ, ഫറ ഹുസൈൻ.
Kerala
മുണ്ടക്കയം: സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പഴയ പനക്കച്ചിറ പഴനിലത്ത് ജോജിയുടെ ഭാര്യ ജെസി ജോജി (48) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ജെസിയും ഭർത്താവ് ജോജിയും ഒരുമിച്ച് വീട്ടിൽനിന്നു സ്കൂട്ടറിൽ മുണ്ടക്കയത്തേക്കു വരും വഴിയാണ് അപകടമുണ്ടായത്.
റോഡിൽ പുതിയതായി കോൺക്രീറ്റ് ചെയ്ത കട്ടിംഗിലേക്ക് സ്കൂട്ടർ കയറുന്നതിനിടെ പുറകിലിരുന്ന് ജെസി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിൽ ജെസിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഉടൻ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. സംസ്കാരം പിന്നീട്. മക്കൾ: ആൽബി അഗസ്റ്റിൻ, അൽഫോൻസ് അഗസ്റ്റിൻ.
District News
നെടുമങ്ങാട്: സ്കൂട്ടർ കുഴിയിൽ വീണ് പരിക്കേറ്റ് ടെക്നോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു. കരകുളം ഏണിക്കര ദുർഗാ ലെയിൻ ശിവശക്തിയിൽ ആകാശ് മുരളി (30) ആണ് മരിച്ചത്.
വഴയിലക്ക് സമീപം പുരവൂർകോണത്ത് പഴകുറ്റി-വഴയില നാലുവരി പാതയുടെ ഭാഗമായുള്ള കലുങ്കിനു കുഴിച്ച കുഴിയിൽ ആകാശ് മുരളിയുടെ ആക്ടീവ സ്കൂട്ടർ വീഴുകയായിരിന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞുവീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: ഫെബി. ഒന്നര വയസുകാരി എല്ല ഏക മകളാണ്.
Kerala
കൊല്ലം: കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ച് അപകടം. കിണറ്റിൽ വീണ് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു.
മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി.
പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.