ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ അരങ്ങേറിയ ചെപ്പോക്കിലെ ചത്തപിച്ചില് ഈസ്റ്റ് സോണ്‍ ബാറ്റര്‍മാര്‍ സൗത്ത് സോണിന് എതിരേ റണ്‍സ് വാരിക്കൂട്ടി.
ക്യാപ്റ്റന്‍ ഇഷാന് കിഷന് ഇരട്ടസെഞ്ചുറിയുമായി റണ്‍ വേട്ട മുന്നില്‍നിന്നു നയിച്ചപ്പോള്‍ ഈസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത് 708 റണ്‍സ് എന്ന കൂറ്റന്‍ സ്കോറില്‍. രണ്ടുദിനം പൂര്‍ണമായി പന്ത് എറിഞ്ഞശേഷം മാത്രമാണ് സൗത്ത് സോണിന് ഈസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്സിനു വിരാമമിടാന്‍ സാധിച്ചതെന്നതും ശ്രദ്ധേയം.
ഡബിള്‍ ഇഷാന്
ആദ്യദിനം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയിലായിരുന്നു ഈസ്റ്റ് സോണ്‍. 111 റണ്‍സുമായി ഇഷാന് കിഷനും 63 റണ്‍സുമായി കുമാര്‍ കുശാഗ്രയുമായിരുന്നു ക്രീസില്‍. ഇവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 230 റണ്‍സ് വരെ നീണ്ടു. ഇതിനിടെ നേരിട്ട 128-ാം പന്തില്‍ കുമാര്‍ കുശാഗ്ര സെഞ്ചുറിയില്‍. 132 പന്തില്‍ 101 റണ്‍സ് എടുത്ത കുശാഗ്രയെ ത്രിപുരണ വിജയാണ് പുറത്താക്കിയത്.
എന്നാല്‍, ഒരുവശത്ത് ഇഷാന് കിഷന് ബാറ്റിംഗ് തുടര്‍ന്നു. 204-ാം പന്തില്‍ 150ഉം 270-ാം പന്തില്‍ ഇരട്ടസെഞ്ചുറിയും 300-ാം പന്തില്‍ 250ഉം കടന്നായിരുന്നു ഇഷാന് കിഷന്റെ മുന്നേറ്റം. 334 പന്തില്‍ 270 റണ്‍സ് നേടിയ ഇഷാന് കിഷനെയും ത്രിപുരണ വിജയ് മടക്കി. സ്കോര്‍ 708ല്‍ എത്തിയപ്പോള്‍ ഒമ്പതാമനായാണ് ഇഷാന് മടങ്ങിയത്.
ഓവറിലെ അവസാന പന്തില്‍ ഈസ്റ്റ് സോണിന്റെ അവസാന വിക്കറ്റും നിലംപൊത്തി. ത്രിപുരണ വിജയ് നാലു വിക്കറ്റ് സ്വന്തമാക്കി. മലയാളി പേസര്‍ എം.ഡി. നിധീഷിനും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനും വിക്കറ്റ് ലഭിച്ചില്ല. ടീം സ്കോര്‍ 611ല്‍ എത്തിയപ്പോള്‍ ഇഷാന് കിഷന് റിട്ടയേര്‍ഡ് നോട്ടൗട്ട് ആയി ക്രീസ് വിട്ടിരുന്നു.