തുറവൂർ: ദേശീയ പാതയ്ക്കരികിലെ ആക്രിക്കടയിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായി. തുറവൂർ വടക്ക് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ആക്രിക്കടയ്ക്കാണ് ബുധനാഴ്ച രാവിലെ തീപിടിച്ചത്.
രാവിലെ പത്തോടെയാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ ഷിജാസിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തീ ആളിപ്പടരുകയും പ്രദേശമാകെ കനത്ത കറുത്ത പുക മൂടുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ കുത്തിയതോട് പൊലിസും അരൂർ അഗ്നിരക്ഷാസേനയും ചേർത്തലയിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സമയോചിതമായ ഇടപെടൽ മൂലം സമീപ പ്രദേശങ്ങളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടരാതെ വൻ അപകടമാണ് ഒഴിവായത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കടയ്ക്ക് കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് ഉടമ ഷീജാസ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. പൊലിസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പിന്നീട് വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമേ തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് പൊലിസ് അറിയിച്ചു.