മാന്നാർ: പ്രളയം മൂലം വീടുകളിൽ ഒറ്റപ്പെട്ട രോഗികൾക്കും വൃധർക്കും സ്കൂബാ ടീം രക്ഷകരായി. മാന്നാർ ഇരമത്തൂർ കൊച്ചുതറ, മണപ്പുറം ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെ അകപ്പെട്ടവരെയാണ് സ്കൂബാ ടീം കരക്കെത്തിച്ചത്. പ്രദേശവാസികൾ ക്യാമ്പുകളിലേക്ക് പോയെങ്കിലും രോഗവും പ്രായാധിക്യവും മൂലം പുറത്തിറങ്ങാൻ കഴിയാത്തവരെയാണ് കേരള ഫയർ ആൻഡ് റെസ്ക്യൂ തിരുവനന്തപുരം യൂണിറ്റിലെ സ്കൂബാ ടീം എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഇരമത്തൂർ കൊച്ചുതറ ഭാഗത്ത് അഴകിയമഠo ഓമനക്കുട്ടൻ(62), ഭാര്യ ഓമന (59), കൊട്ടാരത്തിൽ ചിറയിൽ ഹനീഫ(66), ഭാര്യ നബീസ(65), ഷീജ (35) എന്നിവരെയും മണപ്പുറം ഭാഗത്ത് വിധവയായ തങ്കമ്മ(90) എന്നിവരെയുമാണ് സ്കൂബാ ടീം രക്ഷപ്പെടുത്തിയത്.
പ്രളയ സാധ്യത കണക്കിലെടുത്ത് ചെങ്ങന്നൂരിൽ തമ്പടിച്ചിരുന്ന സ്കൂബാടീമാണ് മാന്നാറിൽ സഹായത്തിനെത്തിയത്. മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ലത, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം എന്നിവരുടെ സാനിധ്യത്തിൽ ഫയർ ആൻഡ് റെസ്ക്യു തിരുവനന്തപുരം സ്കൂബാ ടീം അംഗങ്ങളായ സുഭാഷ്, രതീഷ്, രഞ്ജിത്, രാഹുൽ, ഗോഡ്വിൻ, ബൈജു എന്നിവരായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.