ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഒമ്പതാമത് രൂപതാതല ബൈബിൾ കലോത്സവം ശനിയാഴ്ച സ്കന്തോർപ്പിലെ ഫ്രെഡറിക് ഗോഫ് സ്കൂളിൽ നടക്കും. രൂപതയിലെ 12 റീജിയണുകളിൽ നിന്നായി 1,500ലധികം മത്സരാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറ, ബൈബിൾ കലോത്സവം കോഓർഡിനേറ്റർ ജോൺ കുര്യൻ, ജോയിന്റ് കോഓർഡിനേറ്റർ മാരായ ജിമ്മിച്ചൻ ജോർജ്, മർഫി തോമസ് തോമസ് എന്നിവർ അറിയിച്ചു.
റീജിയണൽ തലത്തിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രൂപതാതല മത്സരങ്ങൾക്ക് യോഗ്യത നേടിയ പ്രതിഭകളാണ് രൂപത കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. 14 വേദികളിലായി വിവിധ മത്സരങ്ങൾ അരങ്ങേറും. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിലധികം കോച്ചുകളിലും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളിലുമായി മത്സരാർഥികളും മാതാപിതാക്കളും കലാസ്വാദകരും എത്തിച്ചേരും.
കലോത്സവം നടക്കുന്ന സ്കൂൾ പരിസരത്തേക്ക് രാവിലെ ഏഴു മുതൽ പ്രവേശനം അനുവദിക്കും. രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തനമാരംഭിക്കും. ഡൈനിംഗ് ഹാളിന് സമീപമുള്ള സെന്റ് എഫ്രേം പവലിയനിലാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓരോ റീജിയണിലെയും മത്സരാർഥികളുടെ രജിസ്ട്രേഷൻ നമ്പറുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ റിസ്റ്റ് ബാൻഡുകളും അതത് റീജിയണൽ കോഓർഡിനേറ്റർമാർ രജിസ്ട്രേഷൻ കൗണ്ടറിൽനിന്ന് ശേഖരിക്കണം.
കലോത്സവം കാണാനെത്തുന്നവർക്കുള്ള രജിസ്ട്രേഷൻ ലിങ്ക് ഇതിനോടകം എല്ലാ ഇടവകകൾക്കും മിഷനുകൾക്കും പ്രൊപ്പോസ്ഡ് മിഷനുകൾക്കും കൈമാറിയിട്ടുണ്ട്. മത്സരാർഥികളും വോളന്റിയർമാരും ഒഴികെയുള്ളവർ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിക്കണം. റിസ്റ്റ് ബാൻഡ് ഇല്ലാത്തവർക്ക് കലോത്സവ വേദികളിലേക്ക് പ്രവേശനം അനുവദിക്കില്ല.
വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് വോളന്റിയർമാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംഘാടകർ അറിയിച്ചു. കോച്ചുകൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ സ്വകാര്യ കാറുകൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
സ്പോർട്സ് ഹാൾ കെട്ടിടത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. കലോത്സവത്തിനെത്തുന്നവർക്ക് വിശുദ്ധ കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനായി വേദിയിൽ പ്രത്യേക ചാപ്പൽ ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ ഏഴിന് വോളന്റിയർമാർക്കും നേരത്തെയെത്തുന്നവർക്കുമായി വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് രാവിലെ 10, ഉച്ചയ്ക്ക് 12, രണ്ട്, വൈകുന്നേരം നാല് എന്നീ സമയങ്ങളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കുമായി രണ്ട് കാറ്ററിംഗ് ടീമുകളാണ് ഭക്ഷണസൗകര്യം ഒരുക്കുന്നത്. സ്ട്രീറ്റ് ബോൾ കാറ്ററിംഗ്, നീലഗിരി കാറ്ററിംഗ് എന്നീ ടീമുകളാണ് കലോത്സവത്തിന് എത്തുന്നവർക്കായി ഭക്ഷണങ്ങൾ തയാറാക്കുക.
റീജിയണുകൾക്കും മിഷനുകൾക്കും കൂട്ടമായി ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതിനായി ബന്ധപ്പെട്ട കാറ്ററിംഗ് ടീമുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
മത്സരാർഥികളുടെ സൗകര്യാർഥം പ്രത്യേക ചെയ്ഞ്ചിംഗ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഓരോ റീജിയണിനും ഓരോ ചെയ്ഞ്ചിംഗ് റൂം വീതമാണ് അനുവദിച്ചിരിക്കുന്നത്.
സ്കൂളിന്റെ ഈസ്റ്റ് ബ്ലോക്കിൽ ഒരുക്കിയിരിക്കുന്ന ഈ ചെയ്ഞ്ചിംഗ് റൂം കെട്ടിടത്തിലേക്ക് പുരുഷന്മാർക്ക് പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ട്. പുരുഷന്മാർക്കായി കലോത്സവ വേദിയുടെ വിവിധ ഭാഗങ്ങളിലായി മൂന്ന് വലിയ ചെയ്ഞ്ചിംഗ് റൂമുകളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചകഴിഞ്ഞ്, പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ‘സെന്റ് എഫ്രേം പവലിയൻ’ വേദിയിൽ മത്സരവിജയികൾക്ക് അഭിവന്ദ്യ പിതാവിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്
മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സമ്മാനവിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം. ശേഷിക്കുന്ന സമ്മാനങ്ങൾ വൈകുന്നേരം നടക്കുന്ന ഔദ്യോഗിക അവാർഡ്ദാന സമ്മേളനത്തിൽ വിതരണം ചെയ്യും.
ഒമ്പതാമത് രൂപത ബൈബിൾ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കലോത്സവത്തിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി സെന്റ് എഫ്രേം സ്കന്തോർപ്പ് - ഹൾ പ്രൊപ്പോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ രൂപതയിലുടനീളം പ്രത്യേക മധ്യസ്ഥപ്രാർഥന സംഘടിപ്പിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിവിധ റീജിയണുകളിൽ നിന്നുള്ള പ്രതിഭകൾ ഒരേ വേദിയിൽ സംഗമിക്കുന്ന ബൈബിൾ കലോത്സവം വിശ്വാസത്തിന്റെയും കലാപ്രതിഭയുടെയും കൂട്ടായ്മയുടെയും മഹോത്സവമാണ്.