Kerala
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു.
ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
Kerala
കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയിലെ രാജ്യങ്ങളുമായുള്ള സമുദ്ര പങ്കാളിത്തം ശക്തമാക്കാന്‍ നാവികസേന ആവിഷ്കരിച്ച 'ഇന്ത്യന്‍ ഓഷ്യന്‍ ഷിപ് (ഐഒഎസ്) സാഗര്‍' പദ്ധതിയുടെ രണ്ടാം പതിപ്പിന് ഇന്നലെ കൊച്ചിയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നേവിയുടെ ശക്തിയും ഏകോപനവും ധൈര്യവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളില്‍ ഒന്നായ ജാക്ക് സ്റ്റേ നാവികര്‍ കാഴ്ചവച്ചു.
അറബിക്കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന അഭ്യാസ പ്രകടനങ്ങളില്‍ നേവിയുടെ പടക്കപ്പലുകളായ ഐഎന്‍എസ് സുനയനയും ഐഎന്‍എസ് തീറും പങ്കാളികളായി. സഞ്ചാര മാര്‍ഗം തന്നെ ഒരു കപ്പലില്‍നിന്ന് മറ്റൊരു കപ്പലിലേക്കു മനുഷ്യരെയും സാധനങ്ങളെയും എണ്ണയുമൊക്കെ കൈമാറ്റം ചെയ്യുന്ന തികച്ചും അപകട സാധ്യതയുള്ള ഒന്നാണ് ജാക്ക് സ്റ്റേ.
കൊച്ചിയുടെ പുറങ്കടലില്‍ നടന്ന ജാക്ക് സ്റ്റേ അഭ്യാസ പ്രകടനത്തില്‍ ഐഎന്‍എസ് തീറില്നിന്ന് വടം ഉപയോഗിച്ചു സാധനങ്ങള്‍ ഐഎന്‍എസ് സുനയനയിലേക്കു കൈമാറി. അതിനുശേഷം അപകടത്തില്‍പ്പെട്ട ആളെ ഐഎന്‍എസ് സുനയനയില്നിന്ന് കപ്പലുകള്‍ക്കു മധ്യേ കെട്ടിയ വടത്തിലൂടെ സുരക്ഷിതമായി ഐഎന്‍എസ് തീറിലെത്തിക്കുന്ന അഭ്യാസപ്രകടനമാണ് നാവികര്‍ കാഴ്ചവച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 16 അംഗ രാജ്യങ്ങളിലെ നാവികരാണ് സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
International
ക്വിറ്റോ: ഇക്വഡോറിൽ കടൽത്തീരത്തു മുങ്ങിത്താഴുകയായിരുന്ന അൾത്താരബാലന്മാരെ രക്ഷിക്കുന്നതിടെ രണ്ടു വൈദികര്‍ മുങ്ങിമരിച്ചു. ഫാ. അൽഫോൻസോ അവിലസ് പെരെസ് (59), ഫാ. പെദ്രോ അൻസോട്ടെഗുയി (44) എന്നിവരാണു മരിച്ചത്.
കഴിഞ്ഞദിവസം തീരദേശനഗരമായ പ്ലേയാസിലായിരുന്നു സംഭവം. അൾത്താരശുശ്രൂഷകര്ക്കായി സംഘടിപ്പിച്ച നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കാനെത്തിയവരാണു കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നത്.
വിവരമറിഞ്ഞെത്തിയ ഫാ. അൽഫോൻസോയും ഫാ. പെദ്രോയും അള്ത്താരബാലന്മാരെ രക്ഷിക്കാന്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും വൈദികര്‍ക്കു ജീവന് നഷ്ടമായി.
സ്പെയിനിലെ മുർസിയ സ്വദേശിയും ഈശോസഭാംഗവുമായ ഫാ. അൽഫോൻസോ ദൗൾ രൂപതയിലെ സാൻ ആർബെർട്ടോ മാഗ്നോ ഇടവക വികാരിയാണ്. 1990ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടായി സ്പെയിനിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
ഗുയാഖ്വിൽ അതിരൂപതയ്ക്കുവേണ്ടി 1982ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. പെദ്രോ അൻസോട്ടെഗുയി അതിരൂപതയ്ക്കു കീഴിലെ സാൻ ജസിന്തോ രൂപതയിലെ സാന്താക്രൂസ് ദെ ദുരാൻ ഇടവക വികാരിയായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
ശനിയാഴ്ച നടന്ന വൈദികരുടെ സംസ്കാരശുശ്രൂഷയിൽ ഗുയാഖ്വിൽ അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ലൂയിസ് കാബ്രെര മുഖ്യകാർമികത്വം വഹിച്ചു.
സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന വചനം ജീവിതത്തില്‍ സ്വാംശീകരിച്ചവരാണ് ഈ വൈദികരെന്ന് കർദിനാൾ പറഞ്ഞു. സംസ്കാരശുശ്രൂഷകളിൽ ഇക്വഡോർ പ്രസിഡന്റിന്റെ ഭാര്യ ഡാനിയേൽ നൊബോവ, പ്രസിഡന്റിന്റെ അമ്മ അന്നബെല്ല അസിൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
National
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മായബന്ദറിന് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പവൻ ഹാൻസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 8.45 ഓടെ ശ്രീ വിജയ പുരത്ത് (പോർട്ട് ബ്ലെയർ) നിന്നുമാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലെ മായാബന്ദറായിരുന്നു ലക്ഷ്യസ്ഥാനം. 9.30 ഓടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും മായാബന്ദറിനടുത്തുള്ള കടലിൽ ഇടിച്ചിറക്കുകയുമായിരുന്നു.
രണ്ട് ക്രൂ അംഗങ്ങളും ഒരു കുട്ടിയുൾപ്പെടെ അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഏഴ് യാത്രക്കാരെയും കടലിൽ നിന്ന് രക്ഷപ്പെടുത്തി. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. രണ്ട് പ്ലസ് വൺ വിദ്യാർഥികളെയാണ് കാണാതായത്.
അയത്തിൽ സ്വദേശി കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തിരയിപ്പെട്ട മറ്റ് മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
International
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി തീരത്തെത്തി അധികൃതരെ അറിയിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 13 വയസുകാരൻ ഓസ്റ്റിൻ ആപ്പെൽബീ ഓസ്ട്രേലിയയിലെ സൂപ്പർമാനായി മാറിയിരിക്കുകയാണ്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു(12), ഗ്രേസ്(എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കാറ്റും കോളും നിറഞ്ഞ, ആക്രമണകാരികളായ ഭീമൻ സ്രാവുകളുടെ വിഹാരകേന്ദ്രമായ കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി. നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു. രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്.
ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തകർ എത്തുന്പോൾ മൂന്നുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ച് ബോട്ടിൽ പിടിച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. തീർത്തും അവശരായിരുന്നെങ്കിലും മൂന്നുപേർക്കും നീന്തൽ വശമായിരുന്നതും രക്ഷയായി. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Kerala
തിരുവനന്തപുരം: ബീമാപള്ളിക്ക് സമീപം കളിക്കുന്നതിനിടെ പന്തെടുക്കാൻ കടലിൽ ഇറങ്ങിയ കൗമാരക്കാരൻ മരിച്ചു. ബീമാപള്ളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. റിഹാനൊപ്പം കടലിൽ ഇറങ്ങിയ മറ്റ് രണ്ട് പേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി.
സാജിത്, ടിബിൻ എന്നിവരാണ് റിഹാനൊപ്പം കടലിൽ ഇറങ്ങിയത്. ചെറിയതുറ റോസ് മിനി കോൺവെന്റിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇവർ. ഞായറാഴ്ച വൈകുന്നേരം ബീമാപള്ളിക്ക് സമീപം കടൽതീരത്ത് പന്തുകളിക്കുകയായിരുന്നു.
ഇതിനിടെ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയപ്പോഴാണ് തിരയിൽപെട്ടതെന്ന് നാട്ടുകാർ പറയുന്നു. തിരയിൽ പെട്ടതോടെ ഇവർ ബഹളം വച്ചത് കേട്ടതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. ഇതേ തുടർന്ന് രണ്ട് പേരെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ തിരയിൽപെട്ട റിഹാനെ കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ വിദഗ്ധരെയടക്കം വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിൽ രാത്രിയോടെ റിഹാനെ കണ്ടെത്തി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ഹരിപ്പാട്: കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആറാട്ടുപുഴ തറയിൽകടവ് മധു ഭവനത്തിൽ മധുവിന്റെ മൃതദേഹമാണ് ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് വടക്ക് കല്ലിശേരിൽ പടിഞ്ഞാറുഭാഗത്ത് തീരത്ത് കടൽ ഭിത്തിക്ക് മുകളിൽ അടിഞ്ഞത്.
തറയിൽക്കടവ് ഫിഷറീസ് ആശുപത്രിക്കു സമീപം തീരക്കടലിൽ വലനീട്ടാൻ ഇറങ്ങിയ മധുവിനെ വ്യാഴാഴ്ച രാവിലെ 10 മുതലാണ് കാണാതായത്.
മത്സ്യബന്ധന ബോട്ടുകളും ഫിഷറീസ് റെസ്ക്യൂ വള്ളവും സ്കൂബ ഡൈവിംഗ് സംഘവും തീര സംരക്ഷണ സേനയും നാവിക സേനയുടെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Kerala
തൃശൂർ: മത്സ്യബന്ധനത്തിനിടെ കടലിൽ തെറിച്ചു വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. എങ്ങണ്ടിയൂർ ഏത്തായികരുപ്പയിൽ ശങ്കുരു മകൻ വിജീഷാണ് മരിച്ചത്.
ഫൈബർ വള്ളത്തിൽ നിന്നും കടലിൽ തെറിച്ചു വീണു കാണാതാവുകയായിരുന്നു. മൂന്നു ദിവസം കോസ്റ്റൽ പോലീസും ഫിഷറീസ് വിഭാഗവും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിജീഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ അജ്ഞാത മൃതദേഹം കണ്ടതായി കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ആഴക്കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം പോലീസ് സംഘം ബോട്ടിൽ കയറ്റുകയായിരുന്നു.
NRI
ദോഹ: കടലിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഖത്തറിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ (35) എന്നിവരാണ് മരിച്ചത്.
ഇന്‍ലാന്റ് സീയിലാണ് ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യു - ജോയമ്മ ദമ്പതികളുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയൻ - ബേബി ദമ്പതികളുടെ മകനാണ് കനേഷ്. ഭാര്യ: അശ്വതി.
Leader Page
പുസ്തകം വായിക്കാനെടുക്കുമ്പോഴെല്ലാം ഞാനോർക്കുന്ന ഒരു നോവൽ കഥാപാത്രമുണ്ട്; ഡോൺക്വിക്സോട്ട്. മിഗ്വെൽസെർവാന്റീസിനെ അത്ര പെട്ടെന്ന് ഓർമ വന്നില്ലെങ്കിലും ക്വിക്സോട്ടിനെ മറക്കാനാവില്ല. വായിക്കാനെടുക്കുന്ന ഓരോ പുസ്തകത്തിലും ക്വിക്സോട്ടിനെ കാണുകയാണ്; അല്ല മണക്കുകയാണ്, രുചിക്കുകയാണ്, അനുഭവിക്കുകയാണ്. പുസ്തകങ്ങളുമായി ക്വിക്സോട്ടിന് എന്തു ബന്ധമെന്ന് ചോദിച്ചേക്കാം. സ്വന്തം നിഴലിനോട് നിരന്തരം യുദ്ധംചെയ്ത് പരാജിതനായ ഒരു വായനക്കാരനായിരുന്നു ക്വിക്സോട്ട്. അയാൾ മരിക്കുന്നതിനു മുൻപ് ലോകത്തോടായി വിളിച്ചുപറഞ്ഞത് “ആത്മാവിൽ വെളിച്ചം നിറയ്ക്കാൻ കഴിയുന്ന പുസ്തകങ്ങൾ വായിച്ച് പ്രായശ്ചിത്തം ചെയ്യാൻ സമയമില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിക്കുന്നു” എന്നാണ്. ആ ദുഃഖം നല്ല വായനക്കാരുടെയെല്ലാം ദുഃഖമാണ്. ആ ദുഃഖത്തിൽനിന്ന് ഒരു വായനക്കാരനും ഇന്നോളം പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞുപോയ ഇരുപത്തിയഞ്ച് വർഷങ്ങൾ അത്ര പെട്ടെന്ന് ഓർത്തെടുക്കാൻ ആവില്ലെങ്കിലും വിലങ്ങനെ വീണ വഴിമരങ്ങളെ ഞാൻ ഓർക്കാറുണ്ട്. ആ വഴിമരങ്ങൾ ചില പുസ്തകങ്ങളാണ്. ഒലിച്ചുപോകാത്ത നിഴൽപോലെ എന്നെ പിന്തുടർന്ന പുസ്തകങ്ങൾ. വായനയുടെ തുടക്കകാലത്ത് കൈയിൽ തടഞ്ഞതെല്ലാം ഒരു ആർത്തിക്കാരനെപ്പോലെ വായിക്കുമായിരുന്നു. പിന്നീട് ആർത്തിയുണ്ടെങ്കിലും വായിക്കാനെടുക്കുന്ന പുസ്തകങ്ങളുടെ നാഡി പിടിച്ചുനോക്കാൻ തുടങ്ങി. അപ്പോൾ എനിക്കൊരു ജീവൻമശായിയുടെ ഭാവമായിരുന്നു. മൃതിയുടെ കിലുക്കം കേൾക്കുന്നുണ്ടോ എന്നും ജന്മാന്തരങ്ങളിലേക്ക് നീളുന്ന ആയുർരേഖ ഉണ്ടോ എന്നൊമൊക്കെയാണ് ഞാൻ പുസ്തകങ്ങളിൽ നോക്കിയിരുന്നത്. ചക്രശ്വാസം വലിക്കുന്ന പുസ്തകങ്ങളെപോലും ഞാൻ ഉപേക്ഷിച്ചില്ല. വല്ലാത്ത മടുപ്പ് അനുഭവപ്പെടുത്തിയ പുസ്തകങ്ങളെപോലും അനുകമ്പയോടെ സ്പർശിച്ചു. കാരണം, ഒടുവിലത്തെ താളിൽ ഓരോ വായനക്കാരനുമായി ഒരു പുസ്തകം ഒരു നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും എന്നുതന്നെ അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്നെ ഇപ്പോഴും പുസ്തകങ്ങളോടൊത്ത് ജീവിക്കാൻ ധൈര്യപ്പെടുത്തുന്നത്.
"ഒരു കവിയുടെ മരണം'
കുറച്ചേറെ പുസ്തകങ്ങൾ വായിച്ച കാലമായിരുന്നു കടന്നുപോയത്. എല്ലാം പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയില്ല. എന്നാൽ, ചിലത് ഓർമയുടെ വാതിൽക്കൽ വന്ന് മുട്ടുന്നുണ്ട്. ആ മുട്ടലധികം അസുഖകരമായ ശബ്ദമാണ് കേൾപ്പിക്കുന്നത്. അത്തരമൊരു സുഖകരമല്ലാത്ത നിശ്വാസമാണ് "ഒരു കവിയുടെ മരണം' ( The Death of a Poet)എന്ന പുസ്തകം. അധികമാരും ആ പുസ്തകം ശ്രദ്ധിച്ചിരുന്നോ എന്നു സംശയമാണ്. ഇർമ കുദ്രോവ (Irma Kudrova) എഴുതിയ ആ പുസ്തകം നാല്പത്തിയൊമ്പതാം വയസിൽ ആത്മാഹൂതി ചെയ്ത മറീന സ്വെറ്റേവ (Marina Tsvetaeva) എന്ന റഷ്യൻ കവിയെക്കുറിച്ചുള്ളതാണ്. സ്റ്റാലിന്റെ കാലത്ത് ജീവിച്ചിരുന്ന എഴുത്തുകാരിയായിരുന്നു മറീന. ഏകാധിപത്യ ഭരണകൂടം എങ്ങനെയെല്ലാമാണ് ഒരു എഴുത്തുകാരിയുടെ കാവ്യജീവിതം തകർത്തുകളഞ്ഞത് എന്നതിന്റെ വിചാരണ പുസ്തകം കൂടിയാണിത്.
കവിതയെ ചിലങ്ക കെട്ടിച്ച ഒരു കവയിത്രി ആയിരുന്നില്ല മറീന സ്വെറ്റേവ. ശൃംഗാരത്തെ ഈ കവി പരിഗണിച്ചതേയില്ല എന്നുതന്നെ പറയാം. കവിതയിലാകെ വിഷാദവും ഭഗ്നപ്രണയവുമായിരുന്നു. പ്രണയം മറീന നേരിട്ട് അനുഭവിച്ചതായിരിക്കില്ല എന്ന് ഇർമ സൂചിപ്പിക്കുന്നുണ്ട്. വിഷാദവതിയായ മറീന ഭാവനയിൽ നെയ്തെടുത്തതായിരുന്നു ആ പ്രണയസങ്കല്പങ്ങൾ. അത് കവിതയിലേക്ക് പകർത്തുമ്പോൾ മറീനയിലെ കവി പ്രണയപരവശയായി മാറുന്നതു കാണാം. ഏകാന്തതയും അനാഥത്വവും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു മറീനയുടെ ജീവിതം. അത് ഒറ്റവാക്കിൽ പറയാനാവില്ലെന്ന് ഇർമ സൂചിപ്പിക്കുന്നുണ്ട്. കടലിൽ ഭൂകമ്പം ഇളക്കിയ ഒരു തിരയായിരുന്നു മറീനയെന്ന് ഇർമ ഒരിടത്ത് പറയുന്നുണ്ട്. ആ തിര വീണ്ടും കടലിലേക്ക് ഇറങ്ങിച്ചെന്ന് കടലിനെ ഇളക്കിമറിക്കുന്ന കാഴ്ചയാണ് ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് അനുഭവിക്കാനാകുന്നത്.
വിപ്ലവത്തിനുശേഷമാണ് മറീന പാരീസിൽനിന്ന് ജന്മനാട്ടിലേക്കു മടങ്ങിവരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം കഴിയാനാണ് അവർ വരുന്നത്. എന്നാൽ കെജിബി ഏജന്റ് ആയിരുന്ന റീസ്യന്റ് വധവുമായി ബന്ധപ്പെട്ട് സംശയത്തിലായ മറീനയുടെ ഭർത്താവിനെ സ്റ്റാലിന്റെ പോലീസ് അറസ്റ്റ് ചെയ്തു വിചാരണക്കോടതിയിലെത്തിക്കുന്നു. ആ വിചാരണ കടുത്ത മാനസികവ്യഥയിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചുവെങ്കിലും ഇച്ഛാശക്തിയൊന്നുകൊണ്ടു മാത്രം അതിൽനിന്നെല്ലാം സാഹസികമായി അദ്ദേഹം രക്ഷപ്പെടുന്നു. സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാൻ ഭരണകൂടം മകനെയും അനുവദിക്കാത്തതിനെത്തുടർന്ന് അവരുടെ താമസം ബോൽഷീവോ എന്ന സർക്കാർ അതിഥിമന്ദിരത്തിൽ ആയിരുന്നു. എന്നാൽ, ആ പാർപ്പ് ഒരുതരം തടങ്കൽജീവിതമായിരുന്നു. ചുറ്റുമുള്ള താമസക്കാരാരുംതന്നെ ഭയംകൊണ്ട് അവരോട് മിണ്ടാറില്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം കടുത്ത ഒറ്റപ്പെടലിനെത്തുടർന്ന് അവർക്കവിടം ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീടുള്ള താമസം നഗരത്തിനു പുറത്തുള്ള വീടുകളിലായിരുന്നു.
ഇതിനിടയിൽ മറീന ഒരു തൊഴിൽ തേടിയെങ്കിലും ആരും അവർക്കത് നൽകിയില്ല. നീണ്ട പതിനെട്ടു മാസത്തെ വിചാരണയ്ക്കൊടുവിൽ ഭർത്താവ് മടങ്ങിവന്നെങ്കിലും അധികം വൈകാതെ സംശയത്തിന്റെ പേരിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. അറസ്റ്റും വിചാരണയും സ്റ്റാലിന്റെ കാലത്തെ ഓഷ്വിറ്റുകളായിരുന്നു. ഇതിൽ എത്തപ്പെടുന്നവരിൽ അധികം പേരും തിരിച്ചുവരുന്നില്ല എന്ന് മറീന പതിയെ തിരിച്ചറിയുന്നുണ്ട്. ബന്ധുക്കളിൽ പലരെയും പിന്നീട് കാണാതായി. മറീനയെ സഹായിച്ചിരുന്ന സുഹൃത്തുക്കൾ ഓരോരുത്തരായി വരാതായി. മറീനയെ ഭയം മാനസികമായി തകർക്കാൻ തുടങ്ങി.
മൂത്ത മകൾ അരിയാദ്നയെ അറസ്റ്റ് ചെയ്തതോടെ മറീന തീർത്തും ഒറ്റപ്പെട്ടു. അരിയാദ്നയെ കൊണ്ടുപോയ തടങ്കൽപാളയം തേടി മറീന മകനുമൊത്ത് ഏറെ അലയുന്നുണ്ട്. പിതാവിനെതിരേ കള്ളമൊഴി കൊടുത്താൽ അവളെ വിട്ടയയ്ക്കാം എന്നായിരുന്നു പോലീസിന്റെ നിലപാട്. അരിയാദ്ന അതിനു വഴങ്ങാതായതോടെ പീഡനങ്ങൾ അസഹനീയമായി. ഒടുവിൽ അവൾക്ക് പോലീസ് കെട്ടിച്ചമച്ച രേഖയിൽ ഒപ്പുവയ്ക്കേണ്ടതായി വന്നു. പക്ഷേ എഫ്റോണിനെ അവർ വിട്ടയച്ചില്ല. വിചാരണ തുടർന്നു. സോവിയറ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ മറീനകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കള്ളരേഖ ഉണ്ടാക്കി. “എന്നെ ശിക്ഷിക്കൂ. ഭർത്താവിനെയും മകളെയും വിട്ടയയ്ക്കൂ. അവർ രണ്ടുപേരും നിരപരാധികളാണ്.” എന്ന് മറീന സ്റ്റാലിന് നിരന്തരം കത്തുകളെഴുതി. പക്ഷേ, ഒന്നിനും മറുപടിയുണ്ടായില്ല.
ഭർത്താവും മകളും അജ്ഞാതമായ ഏതോ തടങ്കൽപ്പാളയത്തിൽ ആണെന്നും അവർക്ക് ഒരിക്കലും മടങ്ങിവരാനാകില്ലെന്നും അന്വേഷണങ്ങൾക്കൊടുവിൽ മറീന വേദനയോടെ തിരിച്ചറിയുന്നു. അതോടെ അവൾ തീർത്തും ഒറ്റപ്പെട്ടു. മകൻ ജോർജി മാത്രമായി ഏക ആശ്വാസം. സർക്കാരിന്റെ സൗജന്യ അതിഥിമുറികൾ അവർക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ തുടങ്ങി. പല ദിവസവും പട്ടിണി കിടന്നു. ഇതിനിടയിൽ സുഹൃത്തുക്കൾ എന്ന വ്യാജേന പലരും മറീനയോട് ഭരണകൂടത്തെ കീഴ്പ്പെട്ടു ജീവിക്കാൻ അപേക്ഷിച്ചു. എന്നാൽ അവരത് അനുസരിച്ചില്ല എന്നു മാത്രമല്ല, അത്തരക്കാരെ "പരാജയപ്പെട്ട തെമ്മാടികൾ' എന്നു വിളിച്ച് പുറത്താക്കുകയും ചെയ്തു. മോസ്കോയിലെ ജീവിതം ദുരന്തസമാനമായതോടെ അവർ ലാബുഗയിലേക്ക് പോയി. അവിടെയും അവരെ ഭയവും അനാഥത്വവും ദാരിദ്ര്യവും പിന്തുടർന്നിരുന്നു. മകൻ ജോർജിയെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് മറീന വല്ലാതെ ഭയന്നിരുന്നു. അതു കാണാൻ ശക്തിയില്ലാതെ വന്നതോടെ അവർ ജീവനൊടുക്കാൻതന്നെ തീരുമാനിച്ചു.
മറീനയുടെ മരണം അവരുടെ കവിതപോലെ, തുന്നിക്കെട്ടിയ വാക്കുകൾക്കുള്ളിൽ കുടുങ്ങിപ്പോയ ശ്വാസമായിരുന്നു. ഇർമ എഴുതുന്നു; “ഒരു മരണം ഒരുപാട് ചോദ്യങ്ങളിലേക്കും ഒരുപാട് ഉത്തരങ്ങളിലേക്കും എത്തുന്നുണ്ടാകാം. പക്ഷേ മറീനയുടെ മരണം ഇതിനിടയിൽ എവിടെയോ ആണ് ഒഴുക്ക് നിലച്ചിട്ടുള്ളത്.” അനാഥത്വമോ ദാരിദ്ര്യമോ ആത്മാഭിമാനമോ ഭയമോ, എന്തായിരിക്കാം മറീനയെ മരണത്തിലേക്ക് നയിച്ചത്. ഇർമ എഴുതുംപോലെ അതിന്നും ദുരൂഹമാണ്.
District News
ചേര്‍ത്തല: കടലും തീരവും ജലാശയങ്ങളും സംരക്ഷിക്കാൻ ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ പൊന്തുവള്ളങ്ങളിൽ കടലിൽ മത്സ്യത്തൊഴിലാളികൾ സത്യഗ്രഹം നടത്തി. മാരാരിക്കുളം കടലിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് സത്യഗ്രസമരം ആരംഭിച്ചത്.
കടൽഖനനം ഉപേക്ഷിക്കുക, ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സീപ്ലെയിൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സത്യഗ്രഹസമരം കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു ആശ്രയം അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് വൈകിട്ട് നടന്ന ലോക മത്സ്യത്തൊഴിലാളി ദിനാഘോഷം കെപിസിസി പോളിസി കമ്മിറ്റി ചെയർമാർ ജോൺ സാമുവൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രഥമ പ്രസിഡന്റ് ജോസ് കളിക്കൽ സന്ദേശം നൽകി. മുതിർന്ന മത്സ്യത്തൊഴിലാളികളെ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ ആദരിച്ചു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജു ആശ്രയം, ഗാന്ധിയൻ കെ.ജി. ജഗദീശൻ, ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കൽ, കോസ്റ്റൽ എഡ്യുക്കേഷൻ ആൻഡ് ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി നവീൻജീ നാദമണി, ഔസേപ്പച്ചൻ പള്ളിക്കൽതയ്യിൽ, സുഭാഷ് താന്നിക്കൽ, സജി കാനാശേരി, അലോഷ്യസ് കാക്കരി, ബെന്നി തയ്യിൽ എന്നിവർ പ്രസംഗിച്ചു.
Kerala
കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ ആഴക്കടലിൽ ആക്രമിക്കപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചത്.
ആക്രമണത്തിൽ മത്സ്യത്തൊഴിലാളികളായ നാല് പേർക്ക് പരിക്കേറ്റു. ആറ് ബോട്ടുകൾക്ക് കേടുപാടുണ്ടായി. 124 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവമുണ്ടായത്.
ഓൾ ഇന്ത്യ പെർമിറ്റുള്ള ബോട്ടുകളാണ് ആക്രമിക്കപ്പെട്ടത്. തമിഴ്നാടിന്റെ പരിധിയിൽ കയറി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.
Kerala
കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട മൂന്നുപേരും മരിച്ചു. ബംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളാണ് മൂന്നുപേര
സംഘത്തിൽ എട്ട് പേരുണ്ടായിരുന്നു. താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിലാണ് ഇവർ ഇറങ്ങിയത്.
അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു രണ്ട് പേർ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.
ഫയർഫോഴ്സും പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കൂട്ടുകാരനുമൊത്ത് അടിമലത്തുറയിലെ പൊഴിക്കരക്കടുത്തുളള കടലില്‍ കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി.
കോട്ടുകാല്‍ വില്ലേജിലെ അടിമലത്തുറ അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റെയും ഡൈനയുടെയും മകന് ജോബില്‍ പത്രോസിനെ (12) ആണ് കാണാതായത്.
വെളളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടമെന്ന് വിഴിഞ്ഞം കോസ്റ്റല്‍ എസ്എച്ച്ഒ വിപിന്‍ പറഞ്ഞു. അടിമലത്തുറ ലൂയീസ് മെമ്മോറിയല്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോബിൽ.
സ്കൂള്‍ വിട്ടതിനുശേഷം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കൂട്ടുകാരനൊപ്പമാണ് അടിമലത്തുറയിലെ പൊഴിക്കരത്തീരത്തുളള കടല്‍ത്തീരത്ത് ജോബിൽ എത്തിയത്. കുളിക്കുന്നതിനിടയില്‍ ജോബില്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് അപകടമറിയുന്നത്. തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ചു.
ഇതേത്തുടര്‍ന്ന് കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റല്‍ പോലീസും ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്സുമെന്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ കോസ്റ്റല്‍ പോലീസ് കേസെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് കടല്‍ ഉള്‍വലിഞ്ഞു. ഒന്നര കിലോമീറ്റര്‍ അകത്തേക്ക് ഉള്‍വലിഞ്ഞതായി ആളുകള്‍ പറഞ്ഞു. പെട്ടന്നുണ്ടായ മാറ്റം ബീച്ചിലെത്തിയ സന്ദര്‍ശകരെ പരിഭ്രാന്തരാക്കി.
ഏതാനും ദിവസങ്ങളായി കടല്‍ കുറച്ച് ഉള്‍വലിഞ്ഞിരുന്നെങ്കിലും ഇത്രയും ഉള്ളിലേക്ക് പോയത് ആദ്യമാണെന്ന് കച്ചവടക്കാർ പറഞ്ഞു. തിരയില്ലാതെ നിശ്ചലാവസ്ഥയായ കടല്‍ കാണാനും നിരവധി പേര് എത്തിയിരുന്നു.
SUNDAY DEEPIKA
വർഷംതോറും ഇരുപതു ലക്ഷത്തിലേറെ ആളുകൾ സന്ദർശിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ചാവുകടൽ. ഇസ്രയേലിനും വെസ്റ്റ് ബാങ്കിനും കിഴക്കായും ജോർദാനു പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ചാവുകടലിന് അന്‍പതു കിലോമീറ്റർ നീളവും പതിനഞ്ചു കിലോമീറ്റർ വീതിയുമാണുള്ളത്. സമുദ്രോപരിതലത്തിൽനിന്ന് 430 മീറ്റർ താഴെ സ്ഥിതിചെയ്യുന്ന ചാവുകടൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്.
ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ചാവുകടലിനെക്കുറിച്ച് പരാമർശമുണ്ട്.
സോദോം-ഗൊമോറ എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്തിരുന്നത് ബൈബിളിൽ ഉപ്പുകടൽ എന്നു വിളിക്കപ്പെടുന്ന ചാവുകടലിന് അടുത്തായിരുന്നു (ഉത്പത്തി 14:3). ഉപ്പും ഇരുന്പും കാൽസ്യവും മഗ്നീഷ്യവുമൊക്കെ ധാരാളമായി ലഭിക്കുന്ന പ്രദേശമാണ് ചാവുകടൽ തീരങ്ങൾ. ഹേറോദോസ് മഹാരാജാവ് ചാവുകടൽ തീരത്തായി കൊട്ടാരങ്ങളും കോട്ടകളും പണിതുയർത്തിയിരുന്നു.
കാണാൻ മനോഹരമാണെങ്കിലും ജീവനില്ലാത്ത കടലാണിത്. ഈ കടലിൽ മത്സ്യങ്ങളില്ല. തീരത്തു സസ്യജാലങ്ങളുമില്ല. ചാവുകടൽ നിർജീവമാണെന്നു സാരം. എന്തുകൊണ്ടാവുമിത്? സാധാരണ സമുദ്രജലത്തിൽ മൂന്നര ശതമാനം ഉപ്പുള്ളപ്പോൾ ചാവുകടലിലെ വെള്ളത്തിൽ മുപ്പതു ശതമാനം ഉപ്പുണ്ട്. ഈ ജലത്തിൽ ജീവനു നിലനിൽക്കാൻ സാധിക്കില്ലത്രേ.
ചാവുകടലിലെ ജലത്തിലുള്ള ഉപ്പിന്റെ സാന്ദ്രത വളരെ കൂടിയിരിക്കുന്നതുകൊണ്ടാണ് അവിടെ സാധാരണഗതിയിൽ ആരും മുങ്ങിമരിക്കാറില്ലാത്തത്. നാം ചാവുകടലിൽ ഇറങ്ങിയാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ, താഴ്ന്നു പോകില്ല.
എന്താണ് ചാവുകടലിൽ ഉപ്പിന്റെ സാന്ദ്രത ഇത്ര കൂടാൻ കാരണം? ഒന്നാമതായി വളരെ ചൂടുള്ള പ്രദേശമാണ് ഇവിടം. തന്മൂലം ജലം നീരാവിയായി മാറുന്പോൾ ഉപ്പ് ചാവുകടലിൽ അടിഞ്ഞുകൂടുന്നു. രണ്ടാമതായി, നൂറ്റാണ്ടുകളായി ചാവുകടലിൽ ഒഴുകിയെത്തുന്ന ജലത്തിൽ ഉപ്പിന്റെയും കാൽസ്യത്തിന്റെയും മറ്റും അംശങ്ങൾ ധാരാളമുണ്ട്. അവ അവിടെ അടിഞ്ഞുകൂടുന്നതല്ലാതെ പുറത്തേക്ക് ഒഴുകുന്നില്ല. ചാവുകടലിലെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നെങ്കിൽ തീർച്ചയായും ഉപ്പിന്റെ സാന്ദ്രത കുറയുമായിരുന്നു. അങ്ങനെയെങ്കിൽ മത്സ്യങ്ങൾക്കും സസ്യജാലങ്ങൾക്കും അവിടെ വളരാൻ സാധിക്കുമായിരുന്നു.
ചാവുകടലിന്റെ ഈ കഥ പറഞ്ഞത് വലിയൊരു ജീവിതയാഥാർഥ്യം ചൂണ്ടിക്കാട്ടാനാണ്. അതായത് നമ്മിലേക്ക് ഒഴുകിയെത്തുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് ഒഴുകാൻ നാം അനുവദിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതവും നിർജീവമായി മാറും എന്ന യാഥാർഥ്യം. നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ ദൈവം ധാരാളം നന്മകളും അനുഗ്രഹങ്ങളും നൽകാറുണ്ട്. നമ്മുടെ സമയവും വിവിധങ്ങളായ കഴിവുകളും സന്പത്തുമെല്ലാം ദൈവം നൽകുന്ന അനുഗ്രഹങ്ങളാണ്. അവ നമ്മൾ നമുക്കായിമാത്രം വിനിയോഗിച്ചാൽ പോരാ. അവ മറ്റുള്ളവരുടെ നന്മയ്ക്കായും വിനിയോഗിക്കണം.
ദൈവവചനം പറയുന്നു: ""നിങ്ങൾക്കു സൗജന്യമായി കിട്ടി. സൗജന്യമായിത്തന്നെ നിങ്ങൾ കൊടുക്കുവിൻ'' (മത്താ 10:8). നന്മകളെല്ലാംതന്നെ നമുക്ക് സൗജന്യമായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നാം മടിക്കരുത്. ദൈവവചനം വീണ്ടും പറയുന്നു: ""ദൈവം നിങ്ങളെ എല്ലാ കാര്യങ്ങളിലും സന്പന്നരാക്കുവാൻ കഴിയുന്നവനാണ്'' (2 കോറി 9:8). അവിടന്ന് നമ്മെ സന്പന്നരാക്കുന്നത് എന്തിനാണെന്നോ? ദൈവവചനം തുടർന്നു പറയുന്നതനുസരിച്ച് നാം എല്ലാ സൽപ്രവൃത്തികളിലും സന്പന്നരാകാൻ വേണ്ടിയാണ്.
എന്നാൽ ദൈവം നമുക്കു നൽകിയിരിക്കുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് പലപ്പോഴും മടിയാണ്. അതിന്റെ ഒരു കാരണം നമ്മുടെ ആവശ്യത്തിനുള്ളവ ഉണ്ടോ എന്ന ഭയമാകാം. അഹങ്കാരമാകാം മറ്റൊരു കാരണം. ഞാൻ അധ്വാനിച്ചു സന്പാദിച്ചത് എനിക്കുമാത്രം വേണ്ടിയുള്ളതാണെന്ന നിലപാട്. വേറെ പലർക്കും സഹായിക്കാൻ കഴിവുണ്ടല്ലോ. അവർ സഹായിക്കട്ടെ എന്ന മനോഭാവമാകാം മറ്റൊരു കാരണം.
കാരണങ്ങൾ എന്തുമാകട്ടെ, നമ്മിലേക്ക് ഒഴുകിയെത്തുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതം ചാവുകടലിനു സമാനമായി മാറുമെന്നതിൽ സംശയംവേണ്ട. ജീവനില്ലാത്ത ഒരു ജീവിതമായിരിക്കും അതെന്നു തീർച്ച.
ഇസ്രയേലിൽ മറ്റൊരു കടലുണ്ട്- ഗലീലിയാ കടൽ. ചാവുകടലിന്റെ വടക്കുഭാഗത്തുള്ള ഈ കടലിലേക്ക് ഒഴുകിയെത്തുന്ന ജലം അവിടെ അടിഞ്ഞുകിടക്കാറില്ല. അത് താഴേക്കൊഴുകി ചാവുകടലിലാണ് എത്തുന്നത്. ഗലീലിയാ തടാകം എന്നും വിളിക്കപ്പെടുന്ന ഗലീലിയാ കടലിന് ജീവനുണ്ട്. അവിടെ മത്സ്യങ്ങളും സസ്യജാലങ്ങളുമൊക്കെ വളരുന്നു. അതിന്റെ കാരണമാകട്ടെ അവിടത്തെ ജലം പുറത്തേക്കൊഴുകുന്നു എന്നതാണ്.
നമ്മുടെ ജീവിതം ചാവുകടലിനു തുല്യമോ അതോ ഗലീലിയാ കടൽ പോലെയോ? നമുക്കു ചിന്തിച്ചുനോക്കാം.
District News
കണ്ണൂർ എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എം.സി. ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിന് അടുത്ത് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസമായി ഫർഹാന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് ഫർഹാനെ കടലിൽ കാണാതായത്. സുഹൃത്തുക്കളോടൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ഫർഹാൻ കടലിൽ വീഴുകയായിരുന്നു. സമീപത്തെ പാറക്കെട്ടിൽ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഫർഹാനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് കടൽക്ഷോഭം രൂക്ഷമായതിനാൽ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.