കൂത്തുപറമ്പ്: നിർമലഗിരി (ഓട്ടോണമസ്) കോളജിന്റെ പുതിയ പ്രിൻസിപ്പലായി പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ ചുമതലയേറ്റു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളജ് മാനേജർ മോൺ. ആന്റണി മുതുകുന്നേൽ ഡോ. സാബു സെബാസ്റ്റ്യനെ പരിചയപ്പെടുത്തി.
ദീർഘകാലത്തെ അധ്യാപന പരിചയവും മികച്ച അക്കാദമിക് പശ്ചാത്തലവുമുള്ള പ്രഫ. സാബു സെബാസ്റ്റ്യൻ കോളജിന്റെ സ്വയംഭരണ പദവി കൂടുതൽ കരുത്തുറ്റതാക്കാൻ നേതൃത്വം നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
കോളജിന്റെ ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ആധുനിക തൊഴിൽ സാധ്യതകൾ പരിഗണിച്ച് പുതിയ കോഴ്സുകൾ ആരംഭിക്കാൻ മുൻകൈ എടുക്കുമെന്ന്ചുമതലയേറ്റ ശേഷം ഡോ.സാബു സെബാസ്റ്റ്യൻ പറഞ്ഞു. ഗവേഷണ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും വികസനം കൊണ്ടുവരുന്നതിനും വിദ്യാർഥികളുടെ സർവതോന്മുഖമായ പുരോഗതിക്കു മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളജ് ബർസാർ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട്, സീനിയർ അധ്യാപകൻ ഡോ. രജീഷ് സി. ജോൺ, കൗൺസിൽ സെക്രട്ടറി ഡോ. ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.