തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രഹസ്യപട്ടിക വിജിലന്‍സ് പുതുക്കി.
700 പേരുടെ പട്ടികയാണ് വിജലന്‍സ് നേരത്തേ തയാറാക്കിയിരുന്നത്. 665 പേരെ കുടി പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ 1,365 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് നിരീക്ഷണത്തിലായി. അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ പട്ടികയില്‍ ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു പട്ടിക പുതുക്കിയത്. സസ്പെക്റ്റഡ് ഓഫീസേഴ്സ് ഷീറ്റ് (എസ്ഒഎസ്) എന്നാണു പട്ടികയെ വിളിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകളുമായി നിരന്തരം ബന്ധപ്പെടുന്ന പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെയാണു വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം പട്ടിക തയാറാക്കിയത്. മുമ്പ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടെങ്കിലും ഭരണസ്വാധീനംകൊണ്ടും നിയമപരമായ പഴുതുകളിലൂടെയും പരിക്കേല്‍ക്കാതെ പുറത്തുവരാന്‍ കഴിഞ്ഞ വ്യക്തികളാണു പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പട്ടികയിലുള്ളവരെക്കുറിച്ച് പുതുതായി കിട്ടുന്ന വിവരങ്ങള്‍ നിശ്ചിത ഇടവേളകളില്‍ റേഞ്ച് എസ്പിമാര് വിജിലന്‍സ് ആസ്ഥാനത്തേക്ക് കൈമാറും. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കു കടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടുത്തിടെ പ്രഖ്യാപിച്ച ‘ഓപ്പറേഷന് സീറോ’യുടെ ഭാഗമായി അഴിമതി പട്ടികയിലുള്ള വകുപ്പുകളില്‍ നിരീക്ഷണവും രഹസ്യാന്വേഷണ ശേഖരണവും ശക്തമാക്കിയിട്ടുണ്ട്.
പരാതി പ്രളയം
ഓപ്പറേഷന് സീറോ പ്രഖ്യാപിച്ചതിനു പിന്നാലെ പരാതി പ്രളയമാണ്. ഫോണ്‍, വാട്സാപ്പ്, സാമൂഹികമാധ്യമ പേജുകള്‍ വഴിയൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വ്യാപക പരാതികളാണു വിജിലന്‍സിനു ലഭിക്കുന്നത്.
അഴിമതിക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിരീക്ഷിച്ചു തടയുകയെന്നതും ഓപറേഷന് സീറോ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ പട്ടികയും വിജിലന്‍സ് തയാറാക്കി. കൈക്കൂലി ട്രാപ്പ് കേസുകള്‍ വര്‍ധിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫയലുകൾ തുറക്കും
സംസ്ഥാനത്ത് വർഷങ്ങളായി ഫയലുകളിൽ കുരുങ്ങിക്കിടക്കുന്ന അഴിമതിക്കേസുകൾ പരിശോധിക്കാനും വിജിലൻസ് വകുപ്പ് തുടക്കം കുറിച്ചു. കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും അടിയന്തരമായി പുനഃപരിശോധിക്കാൻ വിജിലൻസ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ വിജിലൻസ് ആസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർക്കു വകുപ്പ് മേധാവികൾ കർശന നിർദേശം നൽകിക്കഴിഞ്ഞു.