ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ (തമിഴക വെട്രി കഴകം) മുന്നണിക്കു പുതിയ പേരും ദിശാബോധവും.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രൂപം കൊണ്ട സഖ്യം മതേതര സാമൂഹികനീതി വിജയ സഖ്യം (സെക്യുലര്‍ സോഷ്യല്‍ ജസ്റ്റീസ് വിക്ടറി അലയന്‍സ്) എന്ന പേരിൽ അറിയപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചെന്നൈ പനയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
സഖ്യത്തിന്റെ ചെയർമാനായി മുഖ്യമന്ത്രി വിജയ് തന്നെ പ്രവർത്തിക്കും. ടിവികെയും കോണ്‍ഗ്രസും ഉൾപ്പെടെ അഞ്ച് പാർട്ടികളാണ് സഖ്യത്തിലുള്ളത്.
സഖ്യത്തിനു കീഴില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.മാണിക്യം ടാഗോര്‍ അറിയിച്ചു. ടിവികെയ്ക്കും കോൺഗ്രസിനും പുറമേ വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന സിപിഎമ്മും സിപിഐയും യോഗത്തിൽ പങ്കെടുക്കില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭ എംപി പ്രവീൺ ചക്രവർത്തി, ഡോ. തരാഹായ് കത്ബെർട്ട് എംഎൽഎ തുടങ്ങിയവരും കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തി.
എംഡിഎംകെ നേതാക്കളായ വൈകോ, മകൻ ദുരൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളൻ, മുസ്ലിം ലീഗ് നേതാവ് കെ.എം. കാദർ മൊയ്തീൻ, എം.എം. ഹാജഹാൻ, സയ്യിദ് ഫറൂഖ് പാഷ തുടങ്ങിയവരും പങ്കെടുത്തു.