മുംബൈ: മതം ചോദിച്ച് സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ നയാ നഗർ പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
സംഭവത്തിൽ സൈബ് സുബർ അൻസാരി(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കുമാർ മിശ്ര, സുബ്രതോ സെൻ എന്നിവർക്കാണ് കുത്തേറ്റത്. വോക്കാർഡ് ആശുപത്രിക്ക് പിന്നിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരായിരുന്നു ഇരുവരും.
സ്ഥലത്തെത്തിയ സൈബ് സുബർ, ഇസ്ലാം മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ട് ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
രാജ്കുമാർ സ്വന്തം നിലയിൽ ആശുപത്രിയിലെത്തിയെങ്കിലും സുബ്രതോ സെന്നിന് ആശുപത്രിയിൽ പോകാൻ സാധിച്ചില്ല. തുടർന്ന് തോട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന നയാബ് ഷെയ്ക്ക് എന്നയാൾ രക്തത്തിൽ കുളിച്ചിരുന്ന സെന്നിനെ കാണുകയും തുടർന്ന് ഇയാളെ പോലീസ് ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംഭവത്തിന് 90 മിനിട്ടിനു ശേഷം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം, രണ്ട് വിഭാഗങ്ങൾക്കിടെയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
തുടർന്ന് അൻസാരിയെ താനെയിലെ കോടതിയിൽ ഹാജരാക്കി. മേയ് നാല് വരെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസിന്റെയും സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡിന്റെയും സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
കിംവദന്തികളിൽ വിശ്വസിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സൈബ് സുബൈറിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്. ഇയാൾ എഴുതിയ കുറിപ്പിൽ "ഐഎസ്ഐഎസ്, ഒറ്റ ചെന്നായ, ജിഹാദ്, ഗാസ' എന്നീ വാക്കുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
അൻസാരി വർഷങ്ങളായി അമേരിക്കയിൽ താമസിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇപ്പോഴും അമേരിക്കയിലാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി. അവിടെ ജോലി കണ്ടെത്താൻ കഴിയാത്തതിനാൽ സൈബ് സുബൈർ ഇന്ത്യയിലേക്ക് മടങ്ങി വരികയായിരുന്നു.
മീര റോഡ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം പണം സമ്പാദിക്കാൻ ഓൺലൈനായി രസതന്ത്രം പഠിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.