ഡാളസ്: ദൈവം നൽകിയിരിക്കുന്ന സഭയ്ക്കും വിശ്വാസത്തിനും നന്ദി അർപ്പിച്ചുകൊണ്ട് ജീവിതം എന്നത് കേവലം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ലെന്നും മറിച്ച് സ്വയം കണ്ടെത്താനുള്ള ആത്മീയതീർഥാടനമാണെന്നും ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത പറഞ്ഞു .
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റ് ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം സെന്റർ എ വൈൻ ബൈബിൾ പഠന ക്ലാസിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുമേനി.
ആരാധനയ്ക്കും ദൈവവചനം കേൾക്കാനും പഠിക്കാനുമൊപ്പം നമ്മെത്തന്നെ അറിയുക കൂടിയാണ് ഈ യാത്രയുടെ ലക്ഷ്യം. "ഞാൻ ഒരു മനുഷ്യനാണ്', "ഞാൻ ഒരു വിശ്വാസിയാണ്' എന്നതിലുപരി, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു ദൈവപൈതലാണ് താനെന്ന അടിസ്ഥാന തിരിച്ചറിവിലേക്ക് ഓരോരുത്തരും എത്തേണ്ടതുണ്ട്. ദൈവത്തിന്റെ കൃപയാണ് മനുഷ്യന്റെ യഥാർഥ അനുഗ്രഹം എന്ന തിരിച്ചറിവ് ചിന്തകളെയും ജീവിതത്തെയും നയിക്കേണ്ടതുണ്ടെന്ന് സഫ്രഗൻ മെത്രാപോലിത്ത ഓർമിപ്പിച്ചു.