സ്വന്തം സിനിമകളുടെ സീക്വലുകൾ ചെയ്യാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി സൂപ്പർസ്റ്റാർ രജനികാന്ത്. എന്നാൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ജയിലർ' സിനിമയ്ക്ക് രണ്ടാം ഭാഗം ചെയ്യാൻ സമ്മതിച്ചതിന്റെ കാരണം അദ്ദേഹം തുറന്നുപറഞ്ഞു. ഒക്ടോബർ 15-ന് 'ജയിലർ 2' തിയറ്ററുകളിൽ റീലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി നടന്ന പരിപാടിയിലാണ് രജനികാന്തിന്റെ ഈ വെളിപ്പെടുത്തൽ.
മുമ്പ് തനിക്ക് നിരവധി ചിത്രങ്ങളുടെ സീക്വലുകളുമായി ബന്ധപ്പെട്ട് ഓഫറുകൾ വന്നിരുന്നതായി രജനികാന്ത് പറയുന്നു. 'പേട്ട', 'ബാഷ' തുടങ്ങിയ സിനിമകളുടെയെല്ലാം രണ്ടാം ഭാഗങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും സമീപിച്ചിരുന്നു. എന്നാൽ സീക്വലുകൾ ചെയ്യുമ്പോൾ ആദ്യഭാഗത്തിലെ അതേ മസാലകൾ വീണ്ടും കുറുക്കി നൽകുന്നതുപോലെയാണ് തനിക്ക് തോന്നാറുള്ളത് എന്നതിനാൽ ആ ചിത്രങ്ങളെയെല്ലാം താൻ ഒഴിവാക്കുകയാണുണ്ടായത് എന്ന് അദ്ദേഹം വ്യക്തമാക്കി.
രജനികാന്തിന്റെ വാക്കുകൾ: "സീക്വലുകളോട് എനിക്ക് പൊതുവേ താൽപര്യമില്ല. സീക്വലുകൾ എന്നു കേട്ടാൽ അതിൽ ഇനി എന്തു ക്രിയേറ്റിവിറ്റിയാണ് വരാനുള്ളത് എന്ന് തോന്നും. ആദ്യഭാഗത്തിൽ വീണ്ടും കുറച്ച് മസാലകൾ ചേർത്തു മറ്റൊരു സിനിമയാക്കുന്നതായാണ് എനിക്കു തോന്നാറുള്ളത്. ബാഷയ്ക്ക് സീക്വൽ വേണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു, എനിക്ക് ചെയ്യാൻ തോന്നിയില്ല. പേട്ടയ്ക്ക് രണ്ടാം ഭാഗം ചെയ്യാൻ കാർത്തിക് സുബ്ബരാജും എത്തിയിരുന്നു. എന്നാൽ എനിക്ക് ആ സിനിമയും ചെയ്യാൻ തോന്നിയില്ല."
'ജയിലർ' എന്ന ചിത്രത്തിന്റെ ആദ്യഭാഗം ഒടിടിയിൽ വീണ്ടും കണ്ടപ്പോഴാണ് അതിൽ കഥയ്ക്ക് ഇനിയും സാധ്യതകളുണ്ടെന്ന് മനസിലായതെന്ന് രജനികാന്ത് പറഞ്ഞു. വർമയുടെ കഥാപാത്രത്തിന് പിന്നിൽ വലിയൊരു ശൃംഖലയുണ്ടെന്നും സിനിമയുടെ അവസാനത്തിൽ വർമയ്ക്ക് പിറകിൽ വലിയ ആളുകളുണ്ട് നിന്നെ വെറുതെ വിടില്ല എന്ന് പറയുന്ന ഭാഗവുമുണ്ട്. അതിനാൽ കഥയ്ക്ക് നല്ലൊരു തുടർച്ച നൽകാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞു. തന്റെ പ്രായത്തിന് യോജിച്ച മികച്ചൊരു കഥയാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരുക്കിയത്. കൂടാതെ മറ്റ് ഭാഷകളിൽ നിന്നുള്ള മുൻനിര നടന്മാരും ചിത്രത്തിന്റെ ഭാഗമായതോടെയാണ് താൻ ഈ പ്രോജക്റ്റിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും ആദ്യഭാഗത്തിലെ മാത്യുവായി മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും നെൽസണിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.