കുമളി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിസംഗതയും തേക്കടിയിലെ ടൂറിസത്തിനു വലിയ തിരിച്ചടിയാകുന്നു. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിനോ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ ഉദ്യോഗസ്ഥർ ശ്രദ്ധിക്കാറില്ല.
തിരക്ക് അധികമുള്ള ദിവസങ്ങളിൽ തേക്കടിയിൽ എത്തുന്ന വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ബോട്ട് ലാന്ഡിംഗിലോ, ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിലെ വൃത്തിയായ ശുചിമുറി സംവിധാനം പോലുമില്ല. തിരക്കേറുന്ന സമയങ്ങളിൽ ബോട്ട് സർവീസുകൾ മുടങ്ങാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻപോലും അധികൃതർക്കു കഴിയുന്നില്ല.
പൂജാ അവധി മുതലാണ് തേക്കടിയിൽ സഞ്ചാരികളുടെ തിരക്കേറുന്നത്. ജനുവരി വരെ ഈ തിരക്ക് തുടരാറുണ്ട്. തേക്കടി തടാകത്തിലൂടെയുള്ള സഞ്ചാരമാണ് തേക്കടിയിൽ എത്തുന്ന സഞ്ചാരികൾ പ്രധാനമായും ആഗ്രഹിക്കുന്നത്. എന്നാൽ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിനു സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഇതുമൂലം വനം, ടൂറിസം വകുപ്പുകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.
കെടിഡിസി, വനം വകുപ്പുകളാണ് തേക്കടിയിൽ ബോട്ടിംഗ് നടന്നുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതിനാൽ എല്ലാ സീസണിലും ഒന്നോ രണ്ടോ ബോട്ടുകൾ സർവീസ് നടത്താതെ കിടക്കും. അടുത്തിടെ വരെ കെടിഡിസിയുടെ ഒരു ബോട്ട് കരയിലായിരുന്നു. ഇത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് തുടങ്ങിയപ്പോൾ വനംവകുപ്പിന്റെ ബോട്ട് കരയ്ക്കായി. ഒരു മാസം കഴിഞ്ഞിട്ടും ഈ ബോട്ട് സർവീസ് ആരംഭിച്ചിട്ടില്ല.