വൈപ്പിൻ: കൊച്ചി കോർപറേഷനെ ഏറെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച മൂന്നാമത് റോ-റോ ജങ്കാർ ഇന്നലെ ഉച്ചകഴിഞ്ഞ് സർവീസ് ആരംഭിച്ചു. ഇതോടെ ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിലെ ജലഗതാഗത പ്രശ്നങ്ങൾക്കും ഇതേത്തുടർന്നുള്ള സമര കോലഹലങ്ങൾക്കും വിരാമമായി. കൊച്ചിൻ ഷിപ്യാർഡിൽ നിന്ന് എത്തിച്ച സേതു സാഗർ 3 ഇന്നലെ രാവിലെ ട്രയൽ റൺ നടത്തിയിരുന്നു.
ഇന്നു മുതൽ സർവീസ് നടത്താനായിരുന്നു തീരുമാനം.
എന്നാൽ ഇതിനിടെ സർവീസ് നടത്തിക്കൊണ്ടിരുന്ന രണ്ടു ജങ്കാറുകളിൽ ഒന്ന് തകരാറിലായതോടെ സേതു സാഗർ 3 ഇന്നലെ തന്നെ സർവീസ് ആരംഭിക്കുകയായിരുന്നു. മറ്റു രണ്ട് ജങ്കാറുകളെ പോലെ കിൻകോയെ തന്നെയാണ് സർവീസിന് ഏൽപിച്ചിരിക്കുന്നത്. രണ്ട് ജങ്കാർ സർവീസിനുള്ളപ്പോൾ മൂന്നാമതൊരു ജങ്കാർ സ്റ്റെപ്പിനി വേണം എന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് പുതിയ ജങ്കാർ നിർമിച്ചത്.
നിർമാണം പൂർത്തിയാക്കി നാലര മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പുതിയ ജങ്കാർ ഉദ്ഘാടനം ചെയ്തെങ്കിലും നടപടികൾ പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ കൊച്ചി കോർപറേഷന് കഴിഞ്ഞിരുന്നില്ല.
തുടർന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ, ജങ്കാർ പാസഞ്ചേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി ജങ്കാർ ജെട്ടിയിൽ കൗണ്ട് ഡൗൺ ബോർഡ് സ്ഥാപിച്ച് സമരം നടത്തി.
ഫെറി പാസഞ്ചേഴ്സ് അസോസിയേഷനും എളങ്കുന്നപ്പുഴ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിലും സമര രംഗത്തേക്ക് വന്നു. ഇതോടെ കൊച്ചി നഗരസഭ നടപടികൾ പൂർത്തിയാക്കി മൂന്നാം ജങ്കർ സർവീസിന് ഇറക്കുകയായിരുന്നു.