പാരീസ്: ഫ്രാൻസ് സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ പാരീസിനെ ജനസമുദ്രമാക്കി ലെയോ പതിനാലാമൻ മാർപാപ്പയുടെ വിശുദ്ധ കുർബാനയർപ്പണം.
പാരീസിലെ പ്ലാസ് ദെ ലാ കോൺകോർഡിലും ചരിത്രപ്രസിദ്ധമായ ഷാമ്പ്സ് എലിസേ തെരുവുകളിലുമായി തടിച്ചുകൂടിയ ഏഴു ലക്ഷത്തിലധികം വിശ്വാസികളെ സാക്ഷിനിർത്തിയാണ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചത്. റോഡിനിരുവശവും തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ഹർഷാരവങ്ങൾക്കിടയിലൂടെയാണ് വിശുദ്ധ കുർബാനയ്ക്കായി മാർപാപ്പ പോപ്പ് മൊബീലിൽ എത്തിയത്.
രാജ്യത്തിന്റെ കത്തോലിക്കാവിശ്വാസ പാരമ്പര്യത്തിന്റെ ആഴവും വീര്യവും വിളിച്ചോതുന്നതായിരുന്നു മാർപാപ്പയുടെ വിശുദ്ധ കുർബാനയർപ്പണം.
മനുഷ്യഹൃദയങ്ങളിലെ ദാഹം ശമിപ്പിക്കുന്ന ജീവന്റെ ഉറവ ഈശോമിശിഹയാണെന്ന് വിശുദ്ധകുർബാന മധ്യേ നൽകിയ സന്ദേശത്തിൽ മാർപാപ്പ ഓർമിപ്പിച്ചു. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, അശാന്തമായ നമ്മുടെ ഹൃദയങ്ങൾക്ക് സന്തോഷവും സമാധാനവും നൽകുന്നത് ഈശോമിശിഹയാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വിശ്വാസം സ്വന്തമായി മാത്രം സൂക്ഷിക്കാതെ ചുറ്റുമുള്ള എല്ലാവരുമായും പങ്കുവയ്ക്കാൻ ഫ്രഞ്ച് കത്തോലിക്കരോട് ആഹ്വാനം ചെയ്ത മാർപാപ്പ, ഐറേനിയസ്, മാർട്ടിൻ, ഫ്രാൻസിസ് ഡി സെയിൽസ് തുടങ്ങിയ ഫ്രഞ്ച് വിശുദ്ധരെ സ്മരിക്കുകയും ചെയ്തു. പാരീസിൽനിന്ന് പരിശുദ്ധാത്മാവിന്റെ ജീവജലം ഫ്രാൻസിലുടനീളം ഒഴുകട്ടെയെന്നു പ്രാർഥിക്കുന്നതായി മാർപാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനയ്ക്കുശേഷം കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരീസിൽ പുതിയ വിശ്വാസികളെയും സഭാ നേതാക്കളെയും അഭിസംബോധന ചെയ്യവെ, ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ ഉണ്ടാകുന്ന അദ്ഭുതകരമായ വളർച്ചയെയും നവവിശ്വാസികളുടെ പ്രവാഹത്തെയും മാർപാപ്പ പ്രകീർത്തിച്ചു.
പാരീസിൽ മാർപാപ്പ പങ്കെടുത്ത വെള്ളിയാഴ്ച രാത്രിയിലെ പ്രാർഥനാസംഗമത്തിലും ഇന്നലെ നടന്ന വിശുദ്ധ കുർബാനയിലുമുള്ള ചരിത്രപരമായ ജനപങ്കാളിത്തവും യുവാക്കളുടെ വലിയതോതിലുള്ള സാന്നിധ്യവും ഫ്രാൻസിലെ സഭയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്.
പാരീസിലെ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ആഗോള മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിലേക്ക് തിരിച്ചു. മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന മരിയൻ പ്രദക്ഷിണത്തിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കാനായി ലൂർദ് നഗരം തീർഥാടകരാൽ നിറഞ്ഞിരിക്കുകയാണ്. ഹോട്ടലുകളിലെല്ലാം ആഴ്ചകൾക്കു മുന്പേ ബുക്കിംഗ് പൂർത്തിയായിരുന്നു.