ചെന്നൈ: നഗരത്തിൽ പൊലിസ് നടത്തിയ പ്രത്യേക തെരച്ചിലിൽ സ്ഥിരം കുറ്റവാളികളായ 16 പേർ ഉൾപ്പെടെ 36 പേരെ അറസ്റ്റ് ചെയ്തു. ചെന്നൈ പൊലിസ് കമ്മിഷണർ എ. അരുണിന്റെ നിർദേശപ്രകാരം ഇന്നലെ നഗരത്തിലെ വിവിധ പൊലിസ് സ്റ്റേഷൻ പരിധികളിൽ പരിശോധനയും തെരച്ചിലും നടത്തിയത്.
വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും പൊലിസ് രേഖകളിൽ സ്ഥിരം കുറ്റവാളികളായി ഉൾപ്പെടുത്തിയിട്ടുള്ളവരുമായ 222 പേരെ പിടികൂടി ചോദ്യം ചെയ്തു. ഇതിൽ 16 സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ 36 പേരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിലെ ക്രമസമാധാനത്തിന് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് കമ്മിഷണർ മുന്നറിയിപ്പ് നൽകി.
കോവൈ ജില്ലയിൽ 16 പേർ പിടിയിൽ
ജില്ലയിലുടനീളം പൊലിസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഏഴു കേസുകൾ രജിസ്റ്റർ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജില്ലാ പൊലിസ് സൂപ്രണ്ട് പവൻകുമാർ റെഡ്ഡിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. റൗഡി പട്ടികയിലെ 249 പേരെ കണ്ടെത്തി. അഞ്ചു കേസുകളിലായി 10 പേരെ കോടതി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 94 പേരെയും കൊലപാതകം ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് 77 പേരെയും കേന്ദ്രീകരിച്ച് പരിശോധന നടത്തി.
മദ്യപിച്ച് വാഹനമോടിച്ച 108 പേർക്കെതിരെ കേസെടുത്തു. 30 വാഹനങ്ങൾ പിടിച്ചെടുത്തു. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച 121 പേർക്കെതിരെ 115 കേസുകളും രജിസ്റ്റർ ചെയ്തു.
പൊള്ളാച്ചിയിൽ 17 പേർ പിടിയിൽ
പൊള്ളാച്ചിക്കടുത്ത നെഗമം പൊലിസ് പരിധിയിൽ പൊതുസ്ഥലത്ത് മദ്യപിച്ച 17 പേരെ പൊലിസ് പിടികൂടി. ഡ്രോൺ കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച നാലുപേർക്കെതിരെയും കേസെടുത്തു.