ടെൽ അവീവ്: ഹമാസിന്റെ ബന്ധനത്തിൽ താൻ അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനവും ക്രൂരതയുമാണെന്ന് 738 ദിവസത്തിനുശേഷം സ്വതന്ത്രനായ എവിയാത്തർ ഡേവിഡ്.
സ്വന്തം ശവക്കുഴി കുത്തുന്ന എവിയാത്തറിന്റെ ചിത്രം ഹമാസ് ലോകമാകെ പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച സിഎൻഎന്നുമായി നടത്തിയ അഭിമുഖത്തിലാണ് ബന്ധനത്തിലെ തന്റെ അനുഭവങ്ങൾ അദ്ദേഹം വിവരിച്ചത്.
മോചനത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട തനിക്ക് ആത്മവിശ്വാസം പകർന്നത് രക്ഷപ്പെട്ട മറ്റൊരു ബന്ദിയായ ഏലിയാ കോവിന്റെ വിവാഹവാർത്തയായിരുന്നു.
ഗാസയിൽ ഹമാസ് ഭീകരർ നടത്തിയ ക്രൂരതകൾ ലോകം മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 ഒക്ടോബർ ഏഴിനാണ് എവിയാത്തറും സുഹൃത്ത് ഗയ് ഗിൽബോവ ദലാലും ഹമാസിന്റെ പിടിയിലായത്. ഗാസയിലെ ഒരു ടണലിൽ ഇവർ രണ്ടുപേരും ഒന്നിച്ചായിരുന്നു. ടണലിൽ അവസാനത്തെ മൂന്നു മാസം കൊടുംപട്ടിണിയും പലവിധ പീഡനങ്ങളും അനുഭവിക്കേണ്ടിവന്നു.
മൂന്നു മാസക്കാലം യാതൊന്നും ഭക്ഷിക്കാൻ കൊടുത്തില്ല. ശവക്കുഴി കുത്താനുള്ള തൂന്പാ പിടിക്കാൻപോലും ശക്തിയില്ലായിരുന്നു.
അമേരിക്കയുടെ മാധ്യസ്ഥ്യത്തിൽ നടത്തിയ ചർച്ചയുടെ ഫലമായി 2025 ഒക്ടോബറിലാണ് എവിയാത്തർ മോചിതനായത്. ബന്ധനകാലത്തെ മാനസികവും ശാരീരികവുമായ പീഡനങ്ങൾമൂലം ജനങ്ങളെ അഭിമുഖീകരിക്കാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇതുവരെ മാധ്യമങ്ങൾക്കു മുന്പിൽ പ്രത്യക്ഷപ്പെടാതിരുന്നതെന്ന് എവിയാത്തർ പ്രതികരിച്ചു.